Sorry, you need to enable JavaScript to visit this website.

അടുത്തത് സചിന്‍ പൈലറ്റോ? മുന്നറിയിപ്പ് കിട്ടിയിട്ടും അനക്കമില്ലാതെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനു ശേഷം മറ്റൊരു രാഹുല്‍ കൂട്ടാളി ജിതിന്‍ പ്രസാദയും ഇപ്പോള്‍ ബിജെപിയിലേക്ക് കളംമാറിയിരിക്കുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു യുവ മുഖമാണ് സചിന്‍ പൈലറ്റ്. ജിതിന്‍ പ്രസാദയുടെ പോക്കിനു ശേഷം അടുത്തത് സചിന്റെ ഊഴമാണോ എന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്ന ചോദ്യം. ഇങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനേയും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തേയും മുള്‍മുനയില്‍ നിര്‍ത്തി സചിന്‍ നടത്തിയ കലഹം കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ക്ക് മരുന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രാജസ്ഥാൻ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് സചിൻ.

കോണ്‍ഗ്രസ് വിടുന്നതിന്റെ വക്കോളമെത്തിയ അദ്ദേഹം ഒടുവില്‍ സോണിയാ ഗാന്ധിയുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തി അനുരജ്ഞനത്തിലൂടെ കലഹം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഈ പോക്ക് തിരുത്താന്‍ ശരിയായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കണമെന്നായിരുന്നു സചിന്‍ അന്ന് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. 10 മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനായി ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് വസ്തുത. 

ഇക്കാര്യം കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സചിന്‍ പൈലറ്റ് തുറന്ന് പറയുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നിയോഗിച്ച മൂന്നംഗം സമിതി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സചിന്‍ പൈലറ്റ് തുറന്ന് പറഞ്ഞിരിക്കുന്നു. നടപടി ഉണ്ടാകാത്തതില്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സചിന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. 

'ഇപ്പോള്‍ 10 മാസം പിന്നിട്ടു. ഈ സമിതിയുടെ ഭാഗത്ത് നിന്ന് ഉടനടി നടപടി ഉണ്ടാകുമെന്നായിരുന്നു എനിക്ക് നല്‍കിയിരുന്ന ഉറപ്പ്. സര്‍ക്കാരിന്റെ പകുതി കാലവും പിന്നിട്ടു. ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി പേരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്,' ഹിന്ദുസ്ഥാന്‍ ടൈംസിനോട് സചിന്‍ പറഞ്ഞു. 

ഇതിനു പിന്നാലെ ഇന്ന് ജതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതോടെ സചിനെ കുറിച്ചും ഊഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ അടുത്ത നീക്കമെന്താണെന്നതു സംബന്ധിച്ച് സചിന്‍ ഒരു സൂചനയും നല്‍കിയിട്ടുമില്ല. ഇതോടെ അശോക് ഗെലോട്ടിനേയും സചിനേയും ഒരേസമയം എങ്ങനെ തൃപ്തിപ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. സചിന്‍ അനുകൂലികളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുകയാണ് ഒരു പരിഹാര മാര്‍ഗം. എന്നാല്‍ ഗെലോട്ട് ഇതംഗീകരിക്കുമോ എന്നതിലാണ് പ്രശ്‌നം. മന്ത്രിസഭാ വികസനത്തിന് ഗെലോട്ടിന് താല്‍പര്യമില്ലാത്തതിനാല്‍ ഈ പരിഹാരം നീണ്ടു പോകുകയാണ്. സചിന്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനു ശേഷം യോഗം ചേര്‍ന്നിട്ടില്ല. സമിതിയിലെ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് അഹമദ് പട്ടേല്‍ കോവിഡ് ബാധിച്ച് നവംബറില്‍ മരിക്കുകയും ചെയ്തു. 

തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരേയും കൂട്ടി ഉപമുഖ്യമന്ത്രിയായ സചിന്‍ പൈലറ്റ് ദല്‍ഹിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ഗെലോട്ടിന് നിയമസഭയില്‍ ശക്തി തെളിയിക്കേണ്ട സ്ഥിതിയായി. ഭൂരിപക്ഷ എംഎല്‍എമാരും തനിക്കൊപ്പമാണെന്ന നിലപാടിലായിരുന്നു ഗെലോട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സചിന്‍ വഴങ്ങുകയും ജയ്പൂരിലേക്ക് തിരിച്ചു പോകുകയും ചെയ്തതോടെ അവസാനിച്ച പ്രശ്‌നമാണ് ഇപ്പോള്‍ വീണ്ടും നുരയുന്നത്.

Latest News