ന്യൂദല്‍ഹി- ദല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ സ്റ്റാഫുകള്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ നഴ്‌സിംഗ് സൂപ്രണ്ട് പറഞ്ഞു. മോശം അര്‍ത്ഥത്തിലല്ല, ക്രിയാത്മക ഉദ്ദേശത്തോടെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും എന്നാല്‍ സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരണം. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും നഴ്‌സിംഗ് സൂപ്രണ്ടിന്റെ രണ്ട് പേജുള്ള വിശദീകരണ കത്തിലുണ്ട്. ഏതെങ്കിലും ഭാഷയെയോ, മതത്തെയോ, പ്രദേശത്തെയോ അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല, പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് എന്നുമാണ് നഴ്‌സിംഗ് സൂപ്രണ്ടിന്റെ വിശദീകരണം. വിവാദമായ ഉത്തരവ് പിന്‍വലിച്ചെങ്കിലും നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കിയിരുന്നു.