ദി ഹേഗ് - മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയുടെ പേരില്‍ ബോസ്‌നിയയിലെ കശാപ്പുകാരനെന്നെ അപരനാമം കിട്ടിയ മുന്‍ സെര്‍ബിയന്‍ സൈനിക മേധാവി റാറ്റ്‌കോ മ്ലാദിച്ചിന് സ്രെബ്രനിസ വംശഹത്യാ കുറ്റത്തിന് വിധിച്ച ജീവപര്യന്തം തടവുശിക്ഷ അന്താരാഷ്ട്ര കോടതി ശരിവെച്ചു. 1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധകാലത്ത് സ്രെബ്രനിസയില്‍ എണ്ണായിരത്തിലേറെ മുസ്‌ലിം പുരുഷന്‍മാരെ വനത്തിലെത്തിച്ച് നിര്‍ദയം കൂട്ടക്കൊല ചെയ്ത കേസിലാണ് മ്ലാദിച് ദയ അര്‍ഹിക്കുന്നില്ലെന്ന് ഹേഗിലെ യു.എന്‍ കോടതി കണ്ടെത്തിയത്.
ബോസ്‌നിയന്‍ യുദ്ധക്കുറ്റം വിചാരണ ചെയ്ത പ്രത്യേക കോടതി 2017 ല്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ 79 കാരനായ മ്ലാദിച്ച് അന്തരാഷ്ട്ര കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വിചാരണ കോടതി വിധി ശരിവെക്കുന്നതായി അപ്പീല്‍ പരിഗണിച്ച യു.എന്‍ കോടതിയുടെ അഞ്ചംഗ ബെഞ്ചിന് അധ്യക്ഷത വഹിച്ച പ്രിസ്‌ക നയാബെ വിധിയില്‍ പ്രസ്താവിച്ചു.
വിധി കേള്‍ക്കാന്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും അമ്മമാര്‍ കോടതിക്ക് പുറത്തെത്തിയിരുന്നു. ഇത് ചരിത്ര ദിനമാണെന്ന് കോടതിക്ക് പുറത്തുണ്ടായിരുന്ന മുനീറ സുബാസിച് പറഞ്ഞു. ഞങ്ങള്‍ അമ്മമാര്‍ക്കു മാത്രമല്ല, ബാള്‍ക്കന്‍ മേഖലക്കും യൂറോപ്പിനും മൊത്തം ലോകത്തിനും അങ്ങനെയാണ്. മദേഴ്‌സ് ഓഫ് സ്രെബ്രനിസ സംഘടനയുടെ പ്രസിഡന്റാണ് മുനീറ.
അയാളൊരു രാക്ഷസനാണ്. 26 വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറ്റബോധമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കൂട്ടക്കൊല ചെയ്യപ്പെട്ട 6600 പേരെ അടക്കിയിരിക്കുന്ന സ്രെബ്രനിസയിലെ ഖബറിസ്ഥാനിലും ഭര്‍ത്താക്കന്‍മാരെയും സഹോദരന്‍മാരെയും ആണ്‍മക്കളെയും നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ എത്തിയിരുന്നു. വിധി കേട്ട് സന്തോഷിക്കാനല്ല, നഷ്ടപ്പെട്ടവരെ ഓര്‍ത്തു കരയാനാണ് ഞങ്ങളിവിടെ വന്നതെന്ന് 69 കാരിയായ മുനവറ കബെല്യവിച് പറഞ്ഞു. അവരുടെ ഭര്‍ത്താവും ഇരുപതും പതിനേഴും വയസ്സുണ്ടായിരുന്ന രണ്ട് ആണ്‍മക്കളും കൂട്ടക്കൊലക്കിരയായിരുന്നു. സ്രെബ്രനിസ കൂട്ടക്കൊലയെ നിരാകരിക്കുന്ന സെര്‍ബ് നിലപാടിനെ അവര്‍ രൂക്ഷമായി ചോദ്യം ചെയ്തു. ഈ ശ്മശാനം കണ്ടിട്ടും അവര്‍ക്ക് മാറ്റമില്ലേ, ഇവരെല്ലാം ഇവിടെ ചുമ്മാ കിടന്നുറങ്ങാന്‍ വന്നതാണോ -മുനവറ ചോദിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യയായ സ്രെബ്രനിസ കൂട്ടക്കൊലക്കക്ക് നേതൃത്വം നല്‍കിയ മൂന്ന് പേരിലൊരാളാണ് മ്ലാദിച്. മുന്‍ യുഗോസ്ലാവ്യന്‍ പ്രസിഡന്റ് സ്രോബാദന്‍ മിലോസെവിച്, മുന്‍ ബോസ്‌നിയന്‍ സെര്‍ബ് നേതാവ് റഡോവന്‍ കരാഡ്‌സിച് എന്നിവരാണ് മറ്റ് രണ്ട് പേര്‍. യുദ്ധക്കുറ്റത്തിന്റെ പേരില്‍ 2011 ലാണ് മ്ലാദിച് പിടിയിലാവുന്നത്.
യുഗോസ്ലാവ്യയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ന്നതിന് പിന്നാലെയുണ്ടായ ആഭ്യന്തര വംശീയ യുദ്ധത്തില്‍ സെര്‍ബുകള്‍ തങ്ങളുടെ പ്രദേശം വിപുലമാക്കാന്‍ നടത്തിയ ക്രൂരമായ അധിനിവേശമാണ് വന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചത്. യുദ്ധത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 22 ലക്ഷത്തിലേറെ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യുകയും ചെയ്തു. ബോസ്‌നിയക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലെത്തിയ സെര്‍ബ് സൈനികര്‍ ബോസ്‌നിയന്‍ മുസ്‌ലിംകളെ കൂട്ടത്തോടെ ബസുകളില്‍ കയറ്റിക്കൊണ്ടുപോയി. വഴിയില്‍ സ്ത്രീകളെയും കുട്ടികളെയും പുറത്തിറക്കുകയും പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും വനത്തില്‍ കൊണ്ടുപോയി നിരത്തിനിര്‍ത്തി വെടിവെച്ച് കൊല്ലുകയുമായിരുന്നു.