തഞ്ചാവൂര്‍- തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ തള്ളവിരലില്‍ കുത്തിയ ഐവി ലൈന്‍ (ദ്രവങ്ങള്‍ കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍) നീക്കം ചെയ്യുന്നതിനിടെ നഴ്‌സ് കുഞ്ഞിന്റെ വിരലറ്റം മുറിച്ചു. സുഖംപ്രാപിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അപകടം. തള്ളവിരലില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ട അമ്മ പരാതിപ്പെട്ടപ്പോഴാണ് സംഭവം നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ തള്ളവിരലറ്റം തുന്നിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
കത്രിക ഉപയോഗിച്ച് ഐവി ലൈന്‍ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും നഴ്‌സ് ആശുപത്രിയിലെ മുതിര്‍ന്ന നഴ്‌സാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. നഴ്‌സിനെതിരെ നടപടി വേണമെന്ന് കുഞ്ഞിന്റെ അച്ഛന്‍ പരാതിപ്പെട്ടു. സംഭവം അന്വേഷിച്ച് വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ആശുപത്രി ഡീന്‍ ഡോ. ജി രവികുമാര്‍ പറഞ്ഞു.