മുതുമല, നീലഗിരി- മുതുമല ഫോറസ്റ്റ് ക്യാമ്പിലെ 28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. കഴിഞ്ഞ ആഴ്ച്ച ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ പെൺസിംഹം കോവിഡ് ബാധിച്ച് മരിക്കുകയും 9 സിംഹങ്ങൾക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
9 വയസ്സുള്ള നീലായെന്ന പെൺ സിംഹമാണ് ചത്തത്. തുടർന്നാണ് ഇപ്പോൾ ആനകളെ പരിശോധനക്ക് വിധേയരാക്കിയത്.
ആനകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശ് ഇസത്ത് നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ ഇത് സംബന്ധിച്ച് ഉത്തരവിട്ടിരുന്നു. ആനകളെ ചരിച്ച് കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.ഫോറസ്റ്റ് ക്യാമ്പിലെ 52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കോവിഡ് വാക്‌സിൻ നൽകി. ഇവരുടെ താപനില പരിശോധിച്ച ശേഷം മാത്രമേ ആനകൾക്ക് ആഹാരം നൽകാൻ അനുവദിക്കുകയുള്ളൂ.