ന്യൂദല്‍ഹി- ലോകത്തെ വികസ്വര, അവികസിത രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകാനും വാക്‌സിനേഷന്‍ പദ്ധതികള്‍ മുടങ്ങാനും കാരണമായത് വാക്‌സിന്‍ ഉല്‍പ്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന ഒറ്റ സ്ഥാപനമാണ് പ്രധാന കാരണമെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വാക്‌സിനേഷന്‍ പദ്ധതിയായ കോവാക്‌സിനു വേണ്ടി വാക്‌സിന്‍ വിതരണം ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ് സിറം. 92 രാജ്യങ്ങളിലേക്കാണ് കോവാക്‌സ് പദ്ധതി പ്രകാരം വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതിനായി ലോകാരോഗ്യ സംഘടന 20 കോടി ഡോസുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ വെറും മൂന്ന് കോടി ഡോസ് മാത്രമാണ് സിറത്തിന് നല്‍കാനായത്.
വാക്‌സിന്‍ കയറ്റുമതി വിലക്കും ഫാക്ടറിയിലുണ്ടായ വന്‍തീപ്പിടിത്തവും അടക്കം പല കാരണങ്ങള്‍ക്കൊണ്ട് ഓര്‍ഡറുകള്‍ കൃത്യമായി വിതരണം ചെയ്യാന്‍ സിറം പ്രയാസം നേരിടുന്നു. 20 കോടി ഡോസുകളില്‍ വലിയൊരു ശതമാനവും നേരത്തെ തന്നെ കയറ്റി അയക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിനു സാധിച്ചില്ല. ഇതു മൂലം വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം നിര്‍ത്തിവെക്കേണ്ടി വന്നു. വാക്‌സിന്‍ സംഭരണത്തിന് പ്രധാനമായും ഒരേ ഒരു കമ്പനിയെ മാത്രം ആശ്രയിച്ചതാണ് വിനയായത്.
വികസ്വര, അവികസിത രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ കാര്യമായി നടന്നില്ലെങ്കില്‍ വൈറസിന്റെ കൂടുതല്‍ അപകടകാരിയായ വകഭേദങ്ങള്‍ രൂപംകൊള്ളാനും ആഗോള മഹാമാരിയെ ഇനിയും ഏറെ നാളത്തേക്ക് പടരാനും ഇടയാക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു വാക്‌സിന്‍ ഉല്‍പ്പാദകരും ആവശ്യത്തിന് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രയാസം നേരിടുന്നെങ്കിലും ലോകാരോഗ്യ സംഘനയുടെ കോവാക്‌സ് പദ്ധതിയും വികസ്വര രാജ്യങ്ങളും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് കാര്യമായി ആശ്രയിക്കുന്നത് എന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ഇന്ത്യയില്‍ രണ്ടാം തരംഗം അതിരൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി വിലക്കിയതോടെ എപ്രിലിനു ശേഷം സിറം വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ല. എന്നാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശ്‌നങ്ങള്‍ ഇവിടെയല്ല തുടങ്ങിയത്. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും താരതമ്യേന വളരെ കുറവാണ് ഉല്‍പ്പാദനം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകിയതും വേണ്ടത്ര സൂക്ഷിപ്പുകേന്ദ്രങ്ങളുമില്ലാത്തതാണ് കാരണം.