തിരുവനന്തപുരം- കേരള രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസം സി.എച്ച് മുഹമ്മദ് കോയ സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന്റെ അറുപതാം വാർഷികം ഇന്ന്. അറുപത് വർഷം മുമ്പ് കൃത്യമായ ഈ ദിവസമാണ് കേരളത്തിന്റെ സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ. 34 -ാമത്തെ വയസിൽ സ്പീക്കർ സ്ഥാനത്തെത്തിയ സി.എച്ചിന്റെ നേരെ ഇപ്പോഴും കേരളത്തിലെ പ്രായം കുറഞ്ഞ സ്പീക്കർ എന്ന റെക്കോർഡുണ്ട്. 1961-ൽ കെ.എം സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്നാണ് സി.എച്ച് സ്പീക്കർ സ്ഥാനത്തെത്തിയത്. കേരളത്തിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, ലോക്‌സഭാംഗം തുടങ്ങി ഒട്ടുമിക്ക പദവികളും സി.എച്ച് വഹിച്ചിട്ടുണ്ട്. 1983 സെപ്തംബർ 28ന് അൻപത്തിയാറാമാത്തെ വയസിലാണ് സി.എച്ച് മരിച്ചത്. സി.എച്ച് അന്തരിച്ചിട്ട് 38 കൊല്ലത്തോളമാകുമ്പോഴും കേരള രാഷ്ട്രീയം ഇപ്പോഴും സി.എച്ചിനെ ഓർത്തുകൊണ്ടിരിക്കുന്നു. സി.എച്ചിന്റെ സാന്നിധ്യമാണ് കേരളത്തിൽ മുസ്ലിം, പിന്നോക്ക രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ചതിലെ പ്രധാന ഘടകം.