യുനൈറ്റഡ് നാഷന്‍സ് - ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ പദവിയില്‍ അന്റോണിയോ ഗുട്ടറസിന് രണ്ടാമൂഴം. ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ചതോടെയാണിത്. ഇനി തീരുമാനത്തിന് പൊതുസഭ അംഗീകാരം നല്‍കണമെന്ന സാങ്കേതിക നടപടിക്രമം മാത്രമേയുള്ളൂ.
പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടറസ് 2017 ലാണ് ആദ്യമായി യു.എന്നിന്റെ തലപ്പത്തെത്തുന്നത്. 72 കാരന് ഇത്തവണ കാര്യമായ എതിരാളികളൊന്നുമുണ്ടായിരുന്നില്ല. പത്തോളം പേര്‍ സ്ഥാനാര്‍ഥികളാവാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും 193 യു.എന്‍ അംഗരാജ്യങ്ങളുടെ പിന്തുണ കിട്ടിയില്ല. രക്ഷാസമിതിയിലെ വോട്ടെടുപ്പ് വിവരം സമിതിയുടെ നിലവിലെ പ്രസിഡന്റായ എസ്‌തോണിയയുടെ അംബാസഡര്‍ സ്വെന്‍ യുര്‍ഗെന്‍സനാണ് പുറത്തുവിട്ടത്.