വാഷിങ്ടന്‍- ബിയര്‍, വൈന്‍, കോക്ടെയില്‍, ലോട്ടറി... അമേരിക്കയില്‍ ഇപ്പോള്‍ ഇതൊന്നും ബാറിലെയോ പാര്‍ലറിലെയോ മാത്രം കാര്യമല്ല. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങള്‍. ഈ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി വന്നിരിക്കുന്നു. കഞ്ചാവ്! അതെ, കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കഞ്ചാവ് കൂടി ഒരു പുകയെടുത്തു വീട്ടില്‍ പോകാം. യുഎസില്‍ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേരും വാക്‌സിന്‍ സ്വീകരിച്ച് സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചു പോകുമ്പോഴും പല സംസ്ഥാന സര്‍ക്കാരുകളും അഗ്രസീവായി കൂടുതല്‍ പേരെ സമ്മാനങ്ങള്‍ നല്‍കി ആകര്‍ഷിച്ച് കോവിഡ് വാക്‌സിന്‍ വിതരണം തുടരുകയാണ്.
വാഷിങ്ടന്‍ സ്റ്റേറ്റിലാണ് കോവിഡ് വാക്‌സിന്‍ ഷോട്ട് എടുക്കുന്നവര്‍ക്ക് കഞ്ചാവ് ജോയിന്റ് കൂടി സൗജന്യമായി നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തെളിവു കാണിച്ചാല്‍ 21 വയസ്സിനു മുകളിലുള്ളവര്‍ക്ക് കഞ്ചാവ് പുകയ്ക്കാം. ജൂലൈ 12 വരെ മാത്രമാണ് ഈ സൗജന്യ ഓഫര്‍. അംഗീകൃത കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്ന് ഇതു സ്വീകരിക്കാമെന്നും സര്‍ക്കാര്‍ മദ്യ ബോര്‍ഡ് പറയുന്നു. വാഷിങ്ടന്‍ സംസ്ഥാനത്ത് 58 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തവരാണ്. 49 ശതമാനം പേരും പൂര്‍ണമായും വാക്‌സിന്‍ എടുത്തിട്ടുണ്ട്. കഞ്ചാവിനു പുറമെ സൗജന്യമായി ബിയറും വൈനും കോക്ടെയിലും വാഷിങ്ടന്‍ മദ്യ ബോര്‍ഡില്‍ നിന്ന് ലഭിക്കും.
വാക്‌സിനെടുക്കാന്‍ ആളെ ആകര്‍ഷിക്കുന്നതിന് കഞ്ചാവ് നല്‍കുന്നത് വാഷിങ്ടനില്‍ മാത്രമല്ല. അരിസോണയും 21 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനെടുത്താല്‍ കഞ്ചാവും ഗമ്മി കാന്‍ഡീസും പ്രഖ്യാപിച്ചിരുന്നു. ന്യൂജേഴ്‌സിയില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യമാണ്. ന്യൂയോര്‍ക്കിലും ഓഹയോയിലും നറുക്കെടുപ്പിലൂടെ കോളെജ് പഠന സ്‌കോളര്‍ഷിപ്പ് നേടാനുള്ള അവസരവും ഉണ്ട്. പല സംസ്ഥാനങ്ങളും 10 ലക്ഷം ഡോളറിന്റെ ലോട്ടറി ടിക്കറ്റും നല്‍കുന്നുണ്ട്. ഏപ്രില്‍ മധ്യത്തോടെ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് സര്‍ക്കാരുകള്‍ കൂടുതല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ആളെ കുട്ടാന്‍ ആരംഭിച്ചത്.