തൃശൂർ - കൊടകര കള്ളപ്പണ കവർച്ചകേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് പരാതിക്കാരൻ ധർമ്മരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ധർമ്മരാജൻ ഇതു സംബന്ധിച്ച ഹർജി സമർപ്പിച്ചത്.
കവർച്ചക്കാരിൽ നിന്നും കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിയാണ് ഹർജി കൈമാറിയത്. ഹർജിയുടെ കോപ്പി പോലീസിനു കോടതി കൈമാറി.
നേരത്തെ പ്രത്യേക അന്വേഷണസംഘത്തോടു പറഞ്ഞ കാര്യങ്ങളിൽ പലതും ഇപ്പോൾ ധർമ്മരാജൻ മാറ്റിപ്പറയുന്നുണ്ട്. പണം തന്റേയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന്റേതുമാണെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നുമാണ് ധർമ്മരാജൻ പറയുന്നത്. ഡൽഹിയിലെ ബിസിനസ് ആവശ്യത്തിന് നൽകിയ പണമാണ് ഇതെന്നും ധർമ്മരാജ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. തങ്ങൾ തമ്മിൽ റിയൽ എസ്റ്റേറ്റിന്റെയും മറ്റും ഇടപാടുണ്ടെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു.
കാറുടമയും ഡ്രൈവറുമായ ഷംജീർ അറിയാതെയാണ് താൻ മൂന്നു കോടിയിലധികം രൂപ കാറിൽ ഒളിപ്പിച്ചതെന്നാണ് ധർമ്മരാജൻ പറയുന്നത്.
ഏപ്രിൽ ഒന്നിനാണ് ഷംജീറിന്റെ കാർ വാങ്ങി താൻ വീട്ടിൽ കൊണ്ടുവന്നിട്ടതെന്നും 3.25 കോടി രൂപ കാർപെറ്റിനടിയിലും പിൻസീറ്റിലുമാണ് ഒളിപ്പിച്ചതെന്നും ബാക്കി 25 ലക്ഷം കാറിന്റെ പിൻസീറ്റിൽ കറുത്ത ബാഗിലാക്കി വെച്ചെന്നുമാണ് ഇയാൾ പറയുന്നത്. ഷംജീർ വന്ന് പിറ്റേന്ന് കാറെടുത്ത് യാത്ര തുടങ്ങുമ്പോഴും 25 ലക്ഷത്തിന്റെ കാര്യം മാത്രമേ പറഞ്ഞുള്ളുവെന്നും തൃശൂരിലെത്തി രണ്ടാം തിയതി രാത്രി രണ്ടിന് ഷംജീർ ആലപ്പുഴയ്ക്ക് പോവുകയും മൂന്നാം തിയതി പുലർച്ചെ ഷംജീർ വിളിച്ച് പണവും കാറും ആരോ തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയുമായിരുന്നുവെന്നാണ് ധർമ്മരാജൻ ഇപ്പോൾ പറയുന്നത്. ഷംജീറിന്റെ കൂടെ കാറിൽ കയറിയ റഷീദിനെ തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞു.
തെരഞ്ഞെടുപ്പു കാലമായതിനാലും പണം കൊണ്ടുപോകുന്നതിൽ നിയന്ത്രണമുള്ളതിനാലുമാണ് 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന് പോലീസിൽ പരാതി നൽകിയതെന്നും ധർമ്മരാജൻ പറയുന്നു.
ബിസിനസിനുള്ള പണമായിരുന്നു നഷ്ടപ്പെട്ടതെന്നും രേഖകൾ സമർപ്പിക്കുമെന്നും ഇപ്പോൾ പിടിച്ചെടുത്ത ഒരു കോടിയിലേറെ രൂപയും കാറും തിരിച്ചു നൽകണമെന്നുമാണ് ധർമ്മരാജൻ ഹർജിയിൽ പറയുന്നത്. എന്നാൽ നഷ്ടപ്പെട്ടുവെന്ന് പറയുന്ന മൂന്നരക്കോടിയിൽ ഇനിയും രണ്ടരക്കോടിയോളം കണ്ടെടുക്കാനുണ്ട്. ഇതിനായുള്ള തിരച്ചിലിലാണ് പോലീസ്. ധർമ്മരാജൻ കോടതിയെ സമീപിച്ചതോടെ കൊടകര കുഴൽപണ കേസിൽ അപ്രതീക്ഷിത ട്വിസ്റ്റാണുണ്ടായിരിക്കുന്നത്.