മുംബൈ- പ്രമുഖ നടിയും മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം.പിയുമായ നവനീത് കൗര്‍ റാണയ്ക്ക് വ്യാജ രേഖ സമര്‍പ്പിച്ച കേസില്‍ ഹൈക്കോടതി രണ്ടു ലക്ഷം രൂപ പിഴയിട്ടു. വിദര്‍ഭ മേഖലയിലെ അമരാവതി എംപിയാണ് 35കാരിയായ ഇവര്‍. വ്യാജ രേഖയാണെന്ന് തെളിഞ്ഞതോടെ ഇവര്‍ക്ക് എംപി പദവി നഷ്ടമായേക്കും. എന്നാല്‍ ഹൈക്കോടതി ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുന്‍ ശിവ സേന എംപി ആനന്ദ്‌റാവു അഡ്‌സുല്‍ ആണ് പരാതി നല്‍കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലുള്ള യുവ സ്വാഭിമാന്‍ പാര്‍ട്ടിയുടെ ബാനറിലാണ് ഇവര്‍ അഞ്ചു തവണ എംപിയായ ആനന്ദ്‌റാവുവിനെതിരെ മത്സരിച്ചത്.
തന്നെ ശിവ സേന എംപി ഭീഷണിപ്പെടുത്തിയിരുന്നതായി 35കാരിയായ നവനീത് കൗര്‍ റാണ രണ്ടു മാസം മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ജയിലിലാക്കുമെന്ന് ലോക്‌സഭയുടെ ലോബിയില്‍ വച്ച് ശിവ സേന എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തി എന്നായിരുന്നു നവ്‌നീതിന്റെ ആരോപണം. തനിക്കെതിരെ ഫോണിലൂടേയു കത്തിലൂടെയും ആസിഡ് ആക്രമണ ഭീഷണി വരുന്നതായും ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. മുകേഷ് അംബാനിക്കെതിരെ ഉണ്ടായ ബോംബ് ഭീഷണി കേസില്‍ പിടിക്കപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ സചിന്‍ വാസെയുടെ കാര്യം ഇവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.