ന്യൂദല്‍ഹി- മേഘാലയയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി നാല് എം.എൽ.എമാർ കൂടി ചുവട് മാറുന്നു. കോൺഗ്രസ് എം.എൽ.എ ആയ അലക്‌സാണ്ടർ ഹെക്, എൻ.സി.പി എം.എൽ.എ സൻബോർ ശുല്ലയ്, സ്വതന്ത്രരായ ജസ്റ്റിൻ ദഖർ, റോബിനസ് സിംഗ്‌കോൻ എന്നിവരാണ് നിമസഭാംഗത്വം രാജിവച്ച് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. ചൊവ്വാഴ്ച ഔദ്യോഗികമായി രാജിസമർപ്പിക്കുമെന്ന് ഇവർ അറിയിച്ചു. തുടർന്ന് ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ രംഗത്തിറക്കിയാണ് ക്രിസ്ത്യൻ ആധിപത്യമുള്ള മേഘാലയയിൽ ബി.ജെ.പി ഭരണം പിടിക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചുമതലയും കണ്ണന്താനത്തിനാണ്. കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ച് രാജിവച്ച എം.എൽ.എമാർക്ക് ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ കണ്ണന്താനവും പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പിയുടേയും എൻഡിഎ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റേയും പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് എം.എൽ.എമാർ കോൺഗ്രസ് സഖ്യം വിട്ടു ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് മേഘാലയ ബി.ജെ.പി അധ്യക്ഷൻ ശിബുൻ ലിങ്‌ദോ പറഞ്ഞു.
നാലു എം.എൽ.എമാർ കൂടി ചുവടുമാറിയതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ നിയമസഭയിൽ ന്യൂനപക്ഷമായി മാറി. നേരത്തെ അഞ്ച് കോൺഗ്രസ് എം എൽ എമാർ രാജിവച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 60 സഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. ഇന്ന് നാലു പേർകൂടി രാജിവച്ചതോടെ കോൺഗ്രസിന് വെറും 23 അംഗങ്ങളുടെ മാത്രം പിന്തുണ എന്ന നിലയിലായിരിക്കുകയാണ്.