ട്രംപ് തൊടാന്‍ വരില്ലെന്ന് കിം ജോങ് ഉന്‍

സോള്‍- ആണവായുധ ബട്ടണ്‍ തന്റെ ഡെസ്‌കിലുണ്ടെങ്കിലും ആരെങ്കിലും അതിക്രമത്തിനു മുതിരാതെ തങ്ങള്‍ അതൊരിക്കലും ഉപയോഗിക്കില്ലെന്ന് ഉത്തര കൊറിയ. അമേരിക്കയെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ പക്കലുള്ള ആണവായുധങ്ങളാണെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അവകാശപ്പെട്ടു. യു.എസിനെ മുഴുവന്‍ ലക്ഷ്യമിടാവുന്ന  ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ പക്കലുള്ളത്. ഇതു അമേരിക്കക്കും അറിയാം. അതിനാല്‍ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് തയാറാകില്ല. ആണവായുധങ്ങളുടെ ബട്ടണ്‍ എന്റെ ഡസ്‌കിലുമുണ്ട്. ഇതു ഭീഷണിയല്ല. ഇതാണു യാഥാര്‍ഥ്യം-അദ്ദേഹം പറഞ്ഞു.
പുതുവത്സരത്തോടനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കിം.
ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വന്‍തോതിലുള്ള നിര്‍മാണത്തില്‍ ഈ വര്‍ഷവും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയുടെ പാത തുറന്നിട്ടിരിക്കുകയാണെന്നും കിം വ്യക്തമാക്കി.
അന്താരാഷ്ട്ര മുന്നറിയിപ്പുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തിയെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും ഹൈഡ്രജന്‍ ബോംബും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. 

Latest News