Sorry, you need to enable JavaScript to visit this website.

അഞ്ചു മിനിറ്റ് ഓക്‌സിജന്‍ നിര്‍ത്തി, 22 രോഗികള്‍ നീലിച്ചു; ആശുപത്രി ഉടമയ്‌ക്കെതിരെ അന്വേഷണം

ആഗ്ര- പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി അഞ്ചു മിനിറ്റ് ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ച് മോക്ഡ്രില്‍ നടത്തിയത് അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ 27നായിരുന്നു സംഭവം. ഓക്‌സിജന്‍ ലഭ്യമായില്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് മോക് ഡ്രില്‍ നടത്തിയതെന്ന് ആശുപത്രി ഉടമ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നത് വിവാദമായിരിക്കുകയാണ്. ആശുപത്രിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നായിരുന്നു അന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്. ഈ മോക് ഡ്രില്ലില്‍ 22 രോഗികള്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ആശുപത്രി ഉടമയും ജില്ലാ ഭരണകൂടവും നിഷേധിച്ചു.

'മുഖ്യമന്ത്രി വിചാരിച്ചാല്‍ പോലും ഓക്‌സിജന്‍ ലഭിക്കില്ലെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. അതിനാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനാരംഭിച്ചു. പല കുടുംബങ്ങളേയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ചിലര്‍ കേള്‍ക്കാന്‍ തയാറായി. എന്നാല്‍ ചിലര്‍ ആശുപത്രി വിടാന്‍ തയാറായില്ല. ഇങ്ങനെ വന്നപ്പോഴാണ് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. ആരൊക്കെ മരിക്കും ആരോക്കെ അതിജീവിക്കുമെന്ന് കണ്ടെത്താം. അങ്ങനെ രാവിലെ 7 മണിക്ക് ഓക്‌സിജന്‍ വിതരണം നിര്‍ത്തി. ആരും അറിഞ്ഞില്ല. അങ്ങനെ 22 രോഗികളെ തിരിച്ചറിഞ്ഞു. അവര്‍ മരിച്ചേക്കുമെന്ന് ഞങ്ങള്‍ കരുതി. അഞ്ചു മിനിറ്റ് നേരത്തേക്കാണ് ഓക്‌സിജന്‍ നിര്‍ത്തിയത്. ഈ രോഗികളുടെ ശരീരം നീലിക്കാന്‍ തുടങ്ങിയിരുന്നു'- ആശുപത്രി ഉടമ അരിഞ്ജയ് ജെയ്ന്‍ ഇങ്ങനെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഏപ്രില്‍ 28ന് ചിത്രീകരിച്ച ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആഗ്രയിലെ പരാസ് ഹോസ്പിറ്റല്‍ ഉടമയാണ് ജയ്ന്‍. ഈ ആശുപത്രിയില്‍ കോവിഡ് ചികിത്സാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. 

മോക്്ഡ്രില്‍ നടത്തിയ ദിവസം ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. ഓക്‌സിജന്‍ ലഭ്യതക്കുറവ് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ 48 മണിക്കൂറിനം ഇതു പരിഹരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 26നും 27നും  ഏഴ് കോവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഈ ആശുപത്രിയില്‍ നിരവധി ഐസിയു ബെഡുകളും ഉണ്ടായിരുന്നു. 22 പേര്‍ മരിച്ചു എന്ന പ്രചരണത്തില്‍ വസ്തുത ഇല്ലെന്നും സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഓഡിയോ പുറത്തു വന്നതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് ആശുപത്രി ഉടമ അരിഞ്ജയ് ജെയ്‌നിന്റെ വാദം. ഓക്‌സിജന്‍ കരുതി ഉപയോഗിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. ഇതു പ്രകാരം ഏപ്രില്‍ മൂന്നാം വാരം ഓക്‌സിജന്‍ അത്യാവശ്യമുള്ളവരും അല്ലാത്തവരുമായ രോഗികളെ വേര്‍ത്തിരിക്കുകയാണ് ചെയ്തത്. ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാനാണ് മോക്ഡ്രില്‍ നടത്തിയത്. മോക്ഡ്രില്‍ എന്നു പറഞ്ഞാല്‍ രോഗികളുടെ ഓക്‌സിജന്‍ സ്വിച്ച് ഓഫ് ചെയ്യലല്ല. അങ്ങനെ ചെയ്തിട്ടില്ല. വിഡിയോയില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടുമില്ല. മോക്ഡ്രില്‍ നടത്തി 22 രോഗികളെ വേര്‍ത്തിരിച്ചു എന്നു മാത്രമെ പറഞ്ഞിട്ടുള്ളൂവെന്നും ജെയ്ന്‍ പറയുന്നു.
 

Latest News