ഇടതുപക്ഷത്ത് പ്രത്യേകിച്ച് സി.പി.എമ്മിൽ എം. സ്വരാജിനെയൊക്കെ മിസ്സാകുന്ന ദിനങ്ങൾ അവസാനിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലുമെല്ലാം പോരാടാൻ ഇനിയും സുദീർഘമായ അഞ്ച് കൊല്ലം ബാക്കിയുണ്ടെന്ന തോന്നൽ പോലുമില്ലാതെയാണ് ആദ്യദിനങ്ങളിൽ തന്നെ യുദ്ധം ചെയ്യുന്നത്. ഭരണ പക്ഷത്ത് ഇതെല്ലാം നേരിടാൻ താൻ തന്നെ ധാരാളമെന്ന ചങ്കൂറ്റവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തലയെടുപ്പോടെ നിൽക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ വല്ലാതെ പ്രതിസന്ധിയിലാക്കിയ തെരഞ്ഞെടുപ്പ് കാല കുഴൽപ്പണ കേസ് അടിയന്തര പ്രമേയമായി എത്തിയപ്പോഴായിരുന്നു, സി.പി.എം ബെഞ്ചിലെ ശക്തരായ എം. സ്വരാജിനെയും, നിയമവും വകുപ്പുകളും കമ്യൂണിസ്റ്റ് പാഠങ്ങളുമുദ്ധരിച്ച് എതിരാളികളെ വരിഞ്ഞു മുറുക്കുന്ന ജി. സുധാകരനെയും, പാർലമെന്റനുഭവങ്ങളുടെ പാറപ്പുറമായി ഉറച്ചു നിന്ന എ.കെ. ബാലനെയുമെല്ലാം പലരും ഓർത്തത്. ഭരണ പക്ഷത്തെ പുതിയ അംഗങ്ങളിൽ ചിലരെല്ലാം പ്രതിഭയുടെ നിഴലാട്ടം കാണിച്ചു തുടങ്ങിയെങ്കിലും അവരൊക്കെ ഷാഫിക്ക് പകരം ഒരു സ്വരാജാകാൻ ഇനിയുമെത്ര കാലം ? വി.ടി. ബലറാമിനെ തോൽപിച്ചില്ലാതാക്കിയപ്പോഴും ഷാഫിയും, വിഷണു നാഥും, കുഴൽ നാടനുമൊക്കെ കോൺഗ്രസിൽ ബാക്കി. കൊടകര കുഴൽപ്പണ വിവാദം അടിയന്തര പ്രമേയമായി നിയമ സഭയിലെത്തിച്ച ഷാഫി പറമ്പിലിന്റെത് നവ മാധ്യമ കാലഭാഷയിൽ പറഞ്ഞാൽ ഒന്നൊന്നര പ്രസംഗമായിരുന്നു.
പരിപൂർണമായും കോൺഗ്രസ് രാഷ്ട്രീയത്തിൽമാത്രം വിളക്കിയെടുത്ത പ്രസംഗം. കൊടുക്കേണ്ടവർക്ക് കൊടുത്തും, പരിഹാസത്തിന്റെ കൂരമ്പെറിഞ്ഞുമുള്ള വല്ലാത്തൊരു പ്രസംഗ പെയ്ത്ത് തന്നെ. ഷാഫിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇങ്ങിനെ-
നവംബർ എട്ട് 2016 വൈകിട്ട് എട്ടുമണി. ഇന്ത്യാ രാജ്യത്തിന്റെ സമ്പത് ഘടനയെ, ഈ രാജ്യത്തിന്റെ വളർച്ചയെ, ഈ രാജ്യത്തിന്റെ ഭാവിയെ, ചെറുപ്പക്കാരന്റെ തൊഴിലിനെ സംരംഭങ്ങളെ ആകെ തകർത്തു തരിപ്പണമാക്കിയ മണ്ടൻ തീരുമാനം ഇന്ത്യാ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസമായിരുന്നു നവംബർ എട്ട് 2016. നോട്ട് നിരോധനം. അഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ഗോവയിലെ പനാജിയിൽ വെച്ച് പ്രസംഗിച്ചു. 'കള്ളപ്പണത്തിന്, തീവ്രവാദത്തിന്, അഴിമതിയ്‌ക്കെതിരായ എന്റെ തീരുമാനം തെറ്റാണെങ്കിൽ എനിക്ക് 50 ദിവസം സമയം തരൂ, എനിക്ക് തെറ്റുപറ്റിയെങ്കിൽ എന്നെ കത്തിച്ചോളു' എന്നായിരുന്നു ആ പ്രസംഗം.
തെറ്റുപറ്റിയാൽ കത്തിച്ചോളു എന്ന് കണ്ണീരൊഴുക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞിട്ട് ഏപ്രിൽ 23 2021 ന് 1600 ദിവസമായി. ഈ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്ന് ബി.ജെ.പി തന്നെ വിശേഷിപ്പിക്കുന്ന രേഖയില്ലാത്ത പണം ബി.ജെ.പി നേതാക്കൻമാരുടെ ഒത്താശയോടെ എത്തിച്ച് പിടിക്കപ്പെട്ടത് ഈ ദിവസങ്ങളിലാണ്. നോട്ട് നിരോധനം മനുഷ്യർക്കുണ്ടാക്കിയ പ്രയാസങ്ങൾ ജീവൻ തുടിക്കുന്ന വാക്കുകളിൽ വിവരിച്ച ഷാഫി സഭയെ ശരിക്കും സ്തംഭിപ്പിച്ചു. പിടികൂടിയ കള്ളപ്പണത്തിന് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. അദ്ദേഹം പറയുന്നത് പോലീസ് തലകുത്തിനിന്ന് അന്വേഷിച്ചാലും ഇത് ബി.ജെ.പി.യിലേക്ക് എത്തില്ലെന്നാണ്. ഞങ്ങളുടെയും ആശങ്ക അത് തന്നെയാണ്. പോലീസ് തലകുത്തിനിന്ന് അന്വേഷിക്കരുത് പോലീസ് നേരെനിന്ന് തന്നെ അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് പറയുവാനുള്ളത്. ബി.ജെ.പിയുമായി ബന്ധമില്ല, പക്ഷേ ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനാണ് ധർമ്മരാജൻ.
21 തവണ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പ്രസിഡന്റ് ധർമ്മരാജനെ വിളിച്ചു. ആദ്യം ബന്ധമില്ലെന്ന് പറഞ്ഞു എന്നാൽ പിന്നീട് പ്രചാരണ സാമഗ്രികൾ എത്തിക്കാനാണ് ചുമതലപ്പെടുത്തിയത് എന്ന് പറഞ്ഞു. അക്കാര്യത്തിൽ എനിക്കും വല്യ എതിർപ്പില്ല. കാരണം ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണം തന്നെയാണ്.
ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് ഇക്കാര്യം. പണം കൈമാറിയത് യുവമോർച്ചയുടെ പ്രസിഡന്റ്, ചോദ്യം ചെയ്യപ്പെടുന്നത് തൃശൂർ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴയിലെ ട്രഷറർ. അപ്പോഴും പറയുന്നു ബി.ജെ.പിയുമായി ബന്ധമില്ലെന്ന്. ഋഷി പൽപ്പുവെന്നൊരാളെ പോസ്റ്റിട്ടതിന്റെ പേരിൽ പാർട്ടിയിൽനിന്ന് സസ്‌പെന്റ് ചെയ്യുന്നു. ഈ പ്രതികൾക്ക് റൂം ബുക്ക് ചെയ്തു കൊടുത്തത് പാർട്ടി ഓഫീസിലെ സെക്രട്ടറി സതീഷ്. അപ്പോഴും പറയുന്നു ബി.ജെ.പിക്ക് ബന്ധമില്ലെന്ന്. കള്ളപ്പണം മുഴുവൻ ഒഴുക്കി കേരളത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു. ആ ഗൗരവത്തിൽ വേണം പോലീസ് അന്വേഷണത്തിൽ ഇടപെടാൻ. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് കേട്ടിട്ടുണ്ട്. ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആകരുത് അത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശക്തമായ നടപടികൾ എടുക്കാത്ത പക്ഷം ഈ സർക്കാർ ഒത്തുകളിക്കുകയാണ് എന്ന ആക്ഷേപം വരും.
വാക്കുകൾക്കും രാഷ്ട്രീയ ചിന്തക്കും മൂർച്ച കൂട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിച്ചു. സതീശന്റെ വാക്കുകൾ-ബി.ജെ.പി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാൻ മുഖ്യമന്ത്രി മറുപടിയിൽ ശ്രദ്ധിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത് ഒരു ശ്മശാനത്തിൽ വിമാനം വീണപ്പോൾ 2000 ശവശരീരങ്ങൾ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്. തുക കൂടുതലാണ് എന്ന് പറയാൻ ശ്രമിക്കുകയാണ്. പല വിമാനങ്ങൾ പല വിമാനത്താവളങ്ങളിൽ ഇറങ്ങി. ഹെലിക്കോപ്ടറുകൾ ഇറങ്ങി. മറ്റ് വാഹനങ്ങൾ ഇറങ്ങി. എത്ര കോടി രൂപ ഈ തെരഞ്ഞെടുപ്പിൽ ആളുകളെ സ്വീധീനിക്കുന്നതിനായി ചെലവഴിക്കപ്പെട്ടു. ബി.ജെ.പി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തിൽ ഇതുവരെ നടക്കാത്ത രീതിയിൽ കുഴൽപ്പണം എത്തിച്ച സംഭവം നടന്നത്.
പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാൻ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷൻ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എൻഫോഴ്‌സെമ്ന്റ് ഡയറക്ടറേറ്റിന് റഫർ ചെയ്യേണ്ടേ? അഞ്ച് കോടിയിൽ താഴെയായതുകൊണ്ട് ഞങ്ങൾ അന്വേഷിക്കേണ്ട എന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്. ഇത് അഞ്ച് കോടിയല്ല അതിൽ കൂടുതലുണ്ട് എന്ന് പറഞ്ഞ് പോലീസിന് അവരോട് അന്വേഷിക്കാൻ ആവശ്യപ്പെടാം.
എല്ലാറ്റിനും മുഖ്യമന്ത്രിയുടെ മറുപടി പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളുമെല്ലാം പറഞ്ഞു തന്നെ. കോൺഗ്രസിന്റെ ബി.ജെ.പി ബന്ധത്തന് തെളിവ് പഴയ തൊഗാഡിയ കേസും, എം.ജി കോളേജിലെ എ.ബി.വി.പിയും തന്നെ. വാക്കും പ്രസംഗവുമൊക്കെയായി ഇങ്ങോട്ട് വരുന്നവർ സതീശനല്ല ഏത് കൊല കൊമ്പനാണെങ്കിലും ഇങ്ങോട്ട് വേണ്ട എന്ന ഉഗ്രശാസനക്ക് കുറവില്ല. സ്വർണക്കടത്ത് കേസ് കത്തി നിന്ന കാലത്ത് സാഹായഹ്ന പത്ര സമ്മേളനങ്ങളിൽ പൊട്ടിത്തെറിച്ച മുഖ്യമന്ത്രിയെ കണ്ടു പരിചയമുള്ളവർക്ക് അദ്ദേഹം എങ്ങിനെയാണ് എതിർപ്പിന് മുന്നിൽ നിശ്ചയ ദാർഢ്യത്തിന്റെ പാറയാകുന്നതെന്ന് പറഞ്ഞു കൊടുക്കേണ്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിൽ അന്നൊരിക്കൽ കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിനെതിരെ പരിധി വിട്ടെന്ന മട്ടിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസങ്ങളിൽ അങ്ങിനെ തുടർന്നിരുന്നില്ല. തുടരേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് കെ. സുരേന്ദ്രൻ ഇപ്പോൾ ചെന്ന് പെട്ട അവസ്ഥ കാണുമ്പോൾ ബോധ്യപ്പെടുന്നു ണ്ടാകും.
അതൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ എന്ന താക്കീത് ഇന്നലെയും മുഖ്യമന്ത്രി ആവർത്തിക്കാതിരുന്നിട്ടില്ല. മലയോട് കലമെറിയേണ്ട കലം പൊട്ടും മല ഇവിടെ തന്നെ ഉണ്ടാകും എന്ന സ്ഥായി ഭാവം തന്നെ. അതൊക്കെ അവിടെ കൈയ്യിൽ വെച്ചാൽ മതികേട്ടോ- എന്ന സ്ഥിര ഭാവം വിളക്കി ചേർത്തതുപോലെ. ബി.ജെ.പിയുമായി ഒത്തു തീർപ്പുണ്ടാക്കിയതിന്റെ രേഖളൊക്കെ ഉടൻ വരും എന്ന് വി.ഡി. സതീശന്റെ വാക്കുകൾക്കും നല്ല ആർജവമുണ്ടായിരുന്നു. ഒത്തു തീർപ്പിന് ഇടനില നിന്നവരുടെ പേരുകൾ പുറത്ത് വരുമെന്നാണ് സതീശൻ ആണയിടുന്നത്. അദ്ദേഹത്തിനതിന് കഴിയുമോ ? അല്ലെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത് ആ രഹസ്യമൊക്കെ പുറത്ത് വന്നിട്ടും എന്ത് കാര്യം ? ഭരണ രംഗത്തെ ഭാഗ്യവാന്മാർ മുഖ്യമന്ത്രി പിണറായി വിജയനും അങ്ങ് ദൽഹിയിൽ നരേന്ദ്ര മോഡിയും തന്നെ.