വാഷിങ്ടന്‍- ജൂലൈ 20ന് സഹോദരനൊപ്പം ബഹിരാകാശത്തേക്ക് പറക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്. തന്റെ സ്വന്തം ബഹിരാകാശ യാത്രാ കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തുന്ന ആദ്യ ബഹിരാകാശ ടൂര്‍ ആണിത്. ബ്ലൂ ഓറിജിന്റെ ന്യൂ ഷെപേഡ് എന്ന പേടകത്തിലാണ് യാത്ര. 10 മിനിറ്റ് മാത്രം നീളുന്ന ടൂറില്‍ ജെഫും സഹോദരന്‍ മാര്‍ക്ക് ബെസോസും മാത്രമായിരിക്കും യാത്രക്കാര്‍. ബഹിരാകാശത്ത് ചെലവിടുന്ന 10 മിനിറ്റില്‍ നാലു മിനിറ്റ് നേരം പേടകം ഭൂമിയുടെ വായുമണ്ഡലത്തിനു പുറത്ത് ശൂന്യാകാശത്ത് ചെലവിടും. ഇത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണെന്ന് ജെഫ് പറഞ്ഞു. അഞ്ചാം വയസ്സു മുതല്‍ സ്വപ്‌നം കാണുന്നതാണ് ബഹിരാകാശ യാത്ര. ഈ മഹത്തായ സാഹസിക യാത്രയില്‍ എന്റെ ഉറ്റസുഹൃത്തായ സഹോദരനും കൂടെയുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ജെഫ് പറയുന്നു. കൂടെ യാത്ര ചെയ്യാന്‍ സഹോദരന്‍ മാര്‍ക്കിനെ ജെഫ് ക്ഷണിക്കുന്നതും വിഡിയോയിലുണ്ട്.
റോക്കറ്റും യാത്രക്കാരെ വഹിക്കുന്ന ക്യാപ്‌സൂളും ഉള്‍പ്പെടുന്ന ന്യൂ ഷെപേഡ് പേടകത്തിന് ആറു യാത്രക്കാരെ വഹിച്ച് ഭൂമിക്കു മുകളിലേക്ക് 100 കിലോമീറ്റര്‍ വരെ പറന്നുയരാനുള്ള ശേഷിയുണ്ട്. 2012 മുതല്‍ ന്യൂ ഷെപേഡ് പലതവണ പരീക്ഷണ പറക്കല്‍ നടത്തി സുരക്ഷയും സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ ഈ പേടകം വിജയകരമായി ബഹിരാകാശത്തു പോയി തിരികെ ഭൂമിയില്‍ ഇറങ്ങി. ആകെ 15 തവണ വിജയകരമായി പറക്കല്‍ നടത്തി. മൂന്ന് തവണ എസ്‌കേപ്പ് പരീക്ഷണവും നടത്തി വിജയിച്ചിട്ടുണ്ട്.
ഈ പേടകത്തില്‍ ബഹിരാകാശ ടൂറിനായി കൂടുതല്‍ പേരെ കൊണ്ടു പോകാനാണ് കമ്പനിയുടെ പദ്ധതി. ഒരു സീറ്റിന് 2.8 മില്യണ്‍ ഡോളറാണ് ചെലവ്. സീറ്റ് ലേലം വിളി നടന്നുവരികയാണ്. ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് സീറ്റ് വില്‍പ്പന.