Sorry, you need to enable JavaScript to visit this website.

മുത്തലാഖ് പരാതിക്കാരി ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത- മുത്തലാഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളില്‍ ഒരാളായ ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ്  ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ലോക്കറ്റ് ചാറ്റര്‍ജി ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഇസ്രത്ത് സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ചാറ്റര്‍ജി പറഞ്ഞു.  ചരിത്രപരമായ ഒരു പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഇസ്രത്ത് ജഹാന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം, മുത്തലാഖിനെതിരെ കേസ് കൊടുത്തതിന്റെ പേരില്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായെന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ലെന്നും ഇസ്രത്ത് ജഹാന്‍ പരാതിപ്പെട്ടു. അത്ഭുത ജീവിയെപ്പോലെയാണ് ആളുകള്‍ നോക്കുന്നത്. ഇതിന് പരിഹാരമായാണ് മുഖം മൂടുന്ന ശിരോവസ്ത്രം അണിയാന്‍ തീരുമാനിച്ചത്. എന്നാല്‍ സമീപ വാസിയായ ഒരു സ്ത്രീ ശിരോവസ്ത്രം ധരിച്ച് കൊണ്ട് തന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് വ്യാജ അഭിമുഖം നല്‍കി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  ശിരോവസ്ത്രം ഉപേക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലൂടെ  മുസ്്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഈ അനാചാരത്തില്‍നിന്ന് മോചിതരാവാന്‍ വഴി തെളിഞ്ഞിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടു.   ശിവഗിരി തീര്‍ത്ഥാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുവെയാണ് മോഡിയുടെ പരാമര്‍ശം. മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മുത്തലാഖ് കാരണം വര്‍ഷങ്ങളായി മുസ്‌ലിം സ്ത്രീകള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്.  ആ ബുദ്ധിമുട്ടുകള്‍ക്കും കഷ്ടതകള്‍ക്കും അവസാനം ആവുകയാണെന്നും ഇതൊരു അഭിമാന നിമിഷമാണെന്നും മോഡി പറഞ്ഞു.

 

Latest News