കൊല്‍ക്കത്ത- മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന വിസ്താര വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 15 മിനിറ്റ് മുമ്പ് ആകാശച്ചുഴിയില്‍പ്പെട്ടു. എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. വിസ്താരയുടെ ബോയിങ് 737 വിമാനത്തില്‍ 113 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശക്തിയേറിയ ആകാശച്ചുഴിയിലാണ് വിമാനം അകപ്പെട്ടത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിനു ശേഷം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി. സംഭവം അന്വേഷിക്കുകയാണെന്ന് വിസ്താര വക്താവ് പറഞ്ഞു.