Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ല;  കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നില്‍ അടവുനയം

ന്യൂദല്‍ഹി- എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം അടവുനയമെന്ന് വിലയിരുത്തല്‍. എല്ലാവര്‍ക്കും സൗജന്യമായിരിക്കും എന്നാണ് പ്രഖ്യാപിച്ചതെങ്കിലും സര്‍ക്കാര്‍ നല്‍കുന്നതു മാത്രമായിരിക്കും സൗജന്യം. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ എടുക്കാന്‍ തുടര്‍ന്നും നിശ്ചിത വിപണി വിലയും പുറമെ സര്‍വീസ് ചാര്‍ജും നല്‍കണം. വാക്‌സിന്‍ ഡോസിന്റെ വിലയ്ക്കു പുറമെ പരമാവധി 150 മാത്രമെ സര്‍വീസ് ചാര്‍ജായി ഇടാക്കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. അധികമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം വാക്‌സിന്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വാങ്ങുകയും ബാക്കി സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും പണം നല്‍കി കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പാളിയ നയം ഭാഗികമായി തിരുത്തുക മാത്രമാണിപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ നയത്തില്‍ ഒരു യുക്തിയുമില്ലെന്നും ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മുഖംരക്ഷിക്കല്‍ നടപടി ആയാണ് നയം ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോഡി തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ച് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ 75 ശതമാനവും കേന്ദ്രം വാങ്ങും. നേരത്തെ സംസ്ഥാനങ്ങള്‍ പണം നല്‍കി നേരിട്ടു വാങ്ങണമെന്ന് ആവശ്യപ്പെട്ട 25 ശതമാനം കൂടി കേന്ദ്രം ഏറ്റെടുത്തു. ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിക്കും. എന്നാല്‍ ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കുള്ളതാണ്. ഇത് നിലവില്‍ പിന്തുടരുന്ന രീതി പ്രകാരം കമ്പനികളില്‍ നിന്ന് അവര്‍ക്ക് നേരിട്ടു വാങ്ങാം. ഈ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമല്ല. വാക്‌സിന്‍ വിലയും സര്‍വീസ് ചാര്‍ജും നല്‍കി ആശുപത്രികളില്‍ നിന്ന് സ്വീകരിക്കാം.

കേരളം അടക്കം പല സംസ്ഥാനങ്ങളും നേരത്തെ തന്നെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. കമ്പനികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയാണ് ഇവ സൗജന്യമായി വിതരണം ചെയ്തു വരുന്നത്. പുതിയ നയംമാറ്റ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇനി കേന്ദ്രം പൂര്‍ണമായും സൗജന്യമായി വാക്‌സിന്‍ വാങ്ങി നല്‍കും. നേരത്തെ കേന്ദ്രം പ്രഖ്യാപിച്ച വാക്‌സിന്‍ നയം സംസ്ഥാന സര്‍ക്കാരുകളെ പരസ്പരം വാക്‌സിനു വേണ്ടി പോരടിപ്പിക്കുന്നതായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ അനുമതി നല്‍കിയെങ്കിലും ഇന്ത്യയില്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ വിദേശ കമ്പനികളില്‍ നിന്ന് പല സംസ്ഥാനങ്ങളും വാങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമെ വാക്‌സിന്‍ വില്‍ക്കൂവെന്നായിരുന്നു വിദേശ കമ്പനികളുടെ നിലപാട്. ഇതു സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഇത് രാജ്യ വ്യാപകമായി വലിയ പ്രതിഷേധത്തിനും കാരണമായി. മുഖ്യമന്ത്രിമാരും പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തിന്റെ ഈ യുക്തിരഹിത വാക്‌സിന്‍ നയത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Latest News