കോഴിക്കോട്- സമസ്തയുടെ നിര്‍ദേശം ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങളെയും മുനവറലി ശിഹാബ് തങ്ങളെയും സുന്നി പരിപാടികളില്‍ പങ്കെടുപ്പിക്കില്ല.
ഇന്ന് മുക്കത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന് സമ്മേളനത്തില്‍നിന്ന് പാണക്കാട് റഷീദലി തങ്ങളെ ഒഴിവാക്കി. ഇ.കെ. വിഭാഗം നേതാക്കളായ ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരടങ്ങിയവരാണ് ഈ സമ്മേളനത്തിന്റെ സംഘാടകര്‍.
സുന്നി നേതാക്കള്‍ കൂടിയായ ഇരുവരോടും മലപ്പുറത്തെ കൂരിയാട്ടെ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നിര്‍ദേശിച്ചിരുന്നു. ആദ്യമായാണ് പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങള്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകനായത്. ഭിന്നതകള്‍ മറന്നു ഒരുമിച്ചു നില്‍ക്കണമെന്നും മതസംഘടനകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണം എന്നുമാണ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്. യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ടു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ചെയര്‍മാനും റശീദലി തങ്ങള്‍ സുന്നീ മഹല്ല് ഫെഡറേഷന് മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്. ഇവരെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നു മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്.
അതേസമയം മുസ്ലിംലീഗില്‍ വലിയ വിഭാഗം മുനവറലി ശിഹാബ് തങ്ങളുടെയും റശീദലി ശിഹാബ് തങ്ങളുടെയും നിലപാടിനെ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും വേദിയിലിരിക്കെ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു. ഇ.കെ.വിഭാഗം സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ലീഗ് നേതൃത്വത്തെ നിരന്തരമായി പ്രതിസന്ധിയിലാക്കുകയാണെന്നും ഇവരുടെ തിട്ടൂരത്തിന് വഴങ്ങരുതെന്നും ആവശ്യപ്പെട്ടു. മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തിലായിരുന്നു യൂത്ത് ലീഗ് കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായ പ്രകടനം. ക്ഷണം സ്വീകരിച്ചവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടതെന്ന നിലപാടാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും പരസ്യമായി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചില്ലെന്ന പരാതി മുനവറലി ശിഹാബ് യോഗത്തില്‍ പങ്കു വെക്കുകയും ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരാണ് ഇക്കാര്യത്തില്‍ ഫെയ്സ്ബുക്കിലൂടെ ആദ്യ പ്രതികരണം നടത്തിയത്. ഇത് പിന്നീട് സമസ്തയുടെ ഔദ്യോഗിക നിലപാടായി. ഇ.കെ.വിഭാഗം സുന്നീ നേതാക്കള്‍ കാന്തപുരം വിഭാഗം കടമെടുക്കുകയാണെന്ന അഭിപ്രായം യൂത്ത്ലീഗ് യോഗത്തില്‍ ഉയര്‍ന്നു. ഇക്കണക്കിന് പോയാല്‍ നാളെ മുസ്ലിംലീഗില്‍ മുജാഹിദുകള്‍ പാടില്ലെന്ന് വാദിച്ചേക്കും. അവാന്തര വിഭാഗങ്ങളുമായി വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് കാന്തപുരം വിഭാഗം വേറിട്ട് പോയത്. ഇപ്പോള്‍ അതേ വാദം ഇ.കെ.വിഭാഗവും വെച്ചു പുലര്‍ത്തുന്നത് ലീഗ് നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം അണികള്‍ തമ്മില്‍ ശക്തമായ വാഗ്വാദമാണ് നടക്കുന്നത്. മുജാഹിദ് വേദിയില്‍ സംബന്ധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഭാരവാഹികളുടെ യോഗം ഇന്ന് ചേളാരിയിലെ ആസ്ഥാനത്തും ഉന്നത കൂടിയാലോചനാ സഭയുടെ യോഗം ജനുവരി പത്തിനും ചേരും.