ഇന്നേക്ക് 128 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1893 ജൂണ്‍ മാസം 7 തീയതിയിലെ ഒരു തണുത്തുറഞ്ഞ രാത്രിയില്‍ ആണ് ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്ത്യക്കാരനായ ഒരു യുവാവ് കടുത്ത വംശീയതക്ക് ഇരയായത്. വെറും ഇരുപത്തി മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ ഇന്ത്യന്‍ ബാരിസ്റ്റര്‍ ഡര്‍ബനില്‍നിന്ന് 535 കിലോമീറ്റര്‍ വടക്കുള്ള പ്രിറ്റോറിയയിലേക്ക് ട്രെയിനില്‍ യാത്ര ചെയുകയായിരുന്നു. ഫസ്റ്റ്ക്ലാസ് ടിക്കറ്റ് കൈയ്യില്‍ ഉണ്ടായിരുന്നിട്ടും, ടിക്കറ്റ് എക്സാമിനര്‍ ആ യുവാവിനോട് മൂന്നാം ക്ലാസ്സ് ബോഗിയിലേക്കു മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ആ ചോദ്യത്തില്‍ പച്ചയായ അനീതിയും, വർണ്ണ വിവേചനവും മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞ അയാള്‍, ബോഗി മാറാനുള്ള ആവര്‍ത്തിച്ചുള്ള ആജ്ഞ അംഗീകരിച്ചില്ല. വെറും ‘കൂലി’ യായ ഇന്ത്യക്കാരനെ പോലീസിനെ വിളിച്ചു ബലമായി പുറത്താക്കുമെന്ന ഭീഷണിയിലും വഴങ്ങാന്‍ തയാറല്ലാത്ത അദ്ദേഹം അവരോടു പറഞ്ഞു, “നിങ്ങള്‍ എന്ത് ചെയ്താലും, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഒരിക്കലും എന്റെ ന്യായമായ അവകാശം വേണ്ടെന്നു വെക്കാന്‍ തയ്യാറല്ല”.
ഒടുവില്‍, അര്‍ദ്ധരാത്രിയില്‍, ആ ഇന്ത്യന്‍ യുവാവിനെ അവര്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് ബലമായി തള്ളിയിട്ടു. പിന്നാലെ ലഗേജും. അന്ന് രാത്രി മുഴുവന്‍ അദ്ദേഹം മാരിറ്റ്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിലെ കൊടും തണുപ്പില്‍, ഇരുട്ടില്‍, ഏകനായി, അതികഠിനമായ ആത്മനിന്ദയില്‍ ഉഴറി വിറങ്ങലിച്ചിരുന്നുപോയി. ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ ലഗേജ് പ്ലാറ്റ്ഫോമില്‍ അനാഥമായിക്കിടന്നു.ശരീരം തണുത്തു മരവിച്ചിട്ടും വലിച്ചറിയപ്പെട്ട ആ പെട്ടി തുറന്നു കോട്ട് എടുത്തു ധരിക്കാന്‍ അദ്ദേഹത്തിന്റെ ആത്മാഭിമാനം സമ്മതിച്ചില്ല. ആ യുവാവിന്റെ ജീവിതത്തെ തന്നെ ആ രാത്രി മാറ്റിമറിച്ചു.
അന്ന്, പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ ഇരുട്ടിലേക്ക് കടുത്ത വംശീയതയുടെ പേരിൽ ബലമായി തള്ളിവീഴ്ത്തപ്പെട്ട ആ ഇരുപത്തിമൂന്നുകാരനായ ഇന്ത്യന്‍ യുവാവിന്റെ പേര് ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു എങ്കില്‍, ആ വീഴ്ചയില്‍ നിന്നും അസാധാരണമായ ഇച്ഛാശക്തിയോടെ,അതിലേറെ നീതിബോധത്തോടെ ഉയിര്ത്തെഴുനേറ്റ പുതിയ മനുഷ്യന്റെ പേര് പിന്നീട് മഹാത്മാഗാന്ധി എന്നറിയപ്പെട്ടു!
അന്ന് രാത്രി അദ്ദേഹം ഇടറിവീണ ആ റെയില്‍വേ സ്റ്റേഷനിൽ നിന്നും ആണ് പിന്നീട് സൌത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ മുഴുവനും ആത്മാഭിമാനത്തിന്റെ ജ്വാല തെളിച്ചത്.
ടിക്കറ്റ് എക്സാമിനര്‍ പോലും അംഗീകരിക്കാത്ത ഒരു ഫസ്റ്റ് ക്ലാസ്സ് റെയില്‍വേ ടിക്കറ്റുമായി ആണ് അദ്ദേഹം തള്ളിവീഴ്ത്തപ്പെട്ടതെങ്കിൽ, ലോകത്ത് ഒരാള്‍ക്കും ഇപ്പോഴും അവഗണിക്കാനാവാത്തത്ര ശക്തമായ ‘അഹിംസയുടെയും സത്യഗ്രഹത്തിന്റെയും' പുതിയ ആയുധങ്ങളുമായിട്ടാണ് അദ്ദേഹം ആ റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങിയത്
ജൂണ്‍ ഏഴാം തീയ്യതിയിലെ ആ രാത്രിയില്‍ ബോഗിക്ക് പുറത്തേക്കു വലിച്ചെറിയപെട്ടത് ഒരു ഇന്ത്യൻ യാത്രക്കാരന് മാത്രമായിരുന്നുവെങ്കില്‍, ഉയിർത്തെഴുനേറ്റത്ത് ആധുനികചരിത്രം കണ്ട ഏറ്റവും സമാധാനപ്രിയനായ ഒരു വിപ്ലവകാരിയായിരുന്നു. മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ആ ഇരുപത്തിമൂന്നുകാരന്റെ അടിസ്ഥാന ധാരണകളായിരുന്നു, പിന്നീട് നീതിനിഷേധത്തിനെതിരായുള്ള ഒരു വലിയ പ്രസ്ഥാനത്തിലേക്ക് വഴി തെളിയിച്ചത്.
അക്ഷരാര്‍ഥത്തില്‍, ആ ദിവസം പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷൻ കണ്ടത് മഹാത്മാഗാന്ധി എന്ന രാഷ്ട്രീയ മനുഷ്യന്റെ, രാഷ്ട്രീയനേതാവിന്റെ ജനനമായിരുന്നു. ഒപ്പം, സത്യഗ്രഹം എന്ന ശക്തമായ ആയുധത്തിന്റെയും. പിന്നീട്, നെല്സന് മണ്ടേല എന്ന മറ്റൊരു മഹാനായ മനുഷ്യനും പ്രചോദനമായത് ഇതേ ആശയത്തിന്റെ കൈവഴികള്‍ ആയിരുന്നു എന്നത് ചരിത്രം.
നീണ്ട ഒരു നൂറ്റാണ്ടിനു ശേഷം, 1997ല്‍ , അതേ റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ പൂര്‍വികരുടെ അനീതി തിരുത്തിക്കൊണ്ട്, സൌത്ത് ആഫ്രിക്കന്‍ ഭരണകൂടം ഗാന്ധിജിക്ക് മരണാന്തരബഹുമതിയായി 'ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ് ' എന്ന ബഹുമതി നൽകി. വൈകാരികമായ ആ ചടങ്ങിൽ നെൽസൺ മണ്ടേലയിൽ നിന്നും ഗാന്ധിജിയുടെ ചെറുമകനും സൗത്ത് ആഫ്രിക്കയിലെ അന്നത്തെ ഇന്ത്യൻ ഹൈ കമ്മീഷണറും ആയിരുന്ന ഗോപാലകൃഷ്ണ ഗാന്ധി ആ അവാർഡ് ഏറ്റുവാങ്ങി. ആ ബഹുമതി ഫലകത്തിൽ എഴുതി ചേര്‍ത്തത് ഏറ്റവും ഉചിതവും അതിലേറെ ലളിതവുമായ ഒരൊറ്റ വാക്ക് മാത്രമായിരുന്നു എന്ന് വികാരവായ്പോടെ ഗോപാലകൃഷ്ണ ഗാന്ധി ഓർമ്മിക്കുന്നുണ്ട് : “പ്രായശ്ചിത്തം”.
ഇന്ന്, വീണ്ടും, ഒരു ജൂൺ 7 കൂടി കടന്നുപോകുമ്പോൾ, ‘പ്രായശ്ചിത്തം’ പോലും മറന്നുപോയ ജനതയായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് എത്ര വേദനിപ്പിക്കുന്ന ഒരു സത്യമാണ്!