ബറേലി- ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ കറങ്ങാനിറങ്ങിയ 19കാരിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മേയ് 31ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വന്നത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അപമാനം ഭയന്ന് പെണ്‍കുട്ടി സംഭവം പുറത്തറിയിച്ചിരുന്നില്ല. ശനിയാഴ്ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിശാല്‍ പട്ടേല്‍, അനുജ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. 22കാരനായ വിശാലിനെ പോലീസ് വെടിവപ്പിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. പ്രതിയില്‍ നിന്ന് നാടന്‍ തോക്കും പോലീസ് പിടിച്ചെടുത്തു. കാലിന് പരിക്കേറ്റ് വിശാല്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു പ്രതികള്‍ ഒളിവിലാണ്.
11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇവര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനു സമീപം നില്‍ക്കുന്നതിനിടെ പ്രതികളില്‍ രണ്ടു പേരെത്തി പെണ്‍കുട്ടിയോട് മോശമായി പെരുമാറി. കൂടെയുണ്ടായിരുന്ന രണ്ട് ആണ്‍സുഹൃത്തുക്കളില്‍ ഒരാളെ അടിച്ച് ബോധരഹിതനാക്കി. ഇതു കണ്ട മറ്റെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു. പിന്നീട് ആറു പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വിജനമായ പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തിയെങ്കിലും സംഭവം പുറത്തു പറഞ്ഞില്ല. മാനസികമായി അസ്വസ്ഥയായി കഴിയുന്നത് കണ്ട സഹോദരി ചോദിച്ചപ്പോഴാണ് സംഭവം വിവരിച്ചത്. വീട്ടുകാര്‍ അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.