ചെന്നൈ- തമിഴ്‌നാട് സ്റ്റേറ്റ് ഡെവലപ്‌മെന്റ് പോളിസി കൗണ്‍സില്‍ (എസ്.ഡി.പി.സി) പുനഃസംഘടിപ്പിച്ചു. വ്യവസായിയായ മല്ലിക ശ്രീനിവാസന്‍, ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ നര്‍ത്തകി നടരാജ്, മന്നാര്‍ഗുഡിയിലെ ഡി എം കെയുടെ എം.എല്‍.എ ടി.ആര്‍.ബി രാജ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചത്.
രാജ്യത്ത് ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയില്‍ അംഗമാകുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ ചെയര്‍മാന്‍ ആയ സമിതിയില്‍ സാമ്പത്തികവിദഗ്ധന്‍ ജെ. ജയരഞ്ജന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കും.
മദ്രാസ് സര്‍വകലാശാലയിലെ എക്കണോമെട്രിക്‌സ് വകുപ്പില്‍ പ്രൊഫസറായ ആര്‍. ശ്രീനിവാസന്‍ ഈ സമിതിയില്‍ സ്ഥിരാംഗമായി പ്രവര്‍ത്തിക്കും. പ്രൊഫ. എം വിജയഭാസ്‌കര്‍, പ്രൊഫ. സുല്‍ത്താന്‍ അഹമ്മദ് ഇസ്മയില്‍, മുന്‍ ഐ.എ. എസ് ഉദ്യോഗസ്ഥന്‍ എം. ദീനബന്ധു, വാസ്‌കുലാര്‍ സര്‍ജന്‍ ജെ. അമലോര്‍ പവനാഥന്‍, സിദ്ധ പരിശീലകന്‍ ജി. ശിവരാമന്‍ എന്നിവരാകും സമിതിയിലെ മറ്റ് അംഗങ്ങളെന്ന് സംസ്ഥാന ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.