Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടി ഉണ്ടാകാത്തതില്‍ അരിശം; യുവാവ് ഭാര്യയേയും രണ്ടു പിഞ്ചു കുട്ടികളേയും കിണറ്റിലെറിഞ്ഞു

ഭോപാല്‍- ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിലുള്ള അരിശം തീര്‍ക്കാന്‍ യുവാവ് സ്വന്തം ഭാര്യയേയും മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം രണ്ടു പെണ്‍മക്കളേയും കിണറ്റിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. ഒരു കുട്ടി മുങ്ങിമരിച്ചു. യുവതിയും മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞും രക്ഷപ്പെട്ടു പുറത്തെത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഭാര്യവീട്ടില്‍ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെ വീട്ടിലേക്കു പോകുന്നതിനു പകരം വിജനമായ സ്ഥലത്തേക്ക് വിടുകയും ആള്‍മറയില്ലാത്ത തുറന്ന കിണറിനു സമീപം ബൈക്ക് നിര്‍ത്തുകയും ചെയ്തു. ശേഷം യുവാവ് ഭാര്യയേയും തന്റെ രണ്ടു പെണ്‍മക്കളേയും കിണറ്റിലേക്ക് തള്ളിയിട്ട് സ്ഥലം വിടുകയായിരുന്നു. തുറന്ന കിണറായതിനാല്‍ പിഞ്ചു കുഞ്ഞിനെ കൈവിടാതെ യുവതി അള്ളിപ്പിടിച്ച് കിണറ്റില്‍ നിന്നും പുറത്തെത്തി. കൂടെയുണ്ടായിരുന്ന മൂത്തമകള്‍ മുങ്ങിമരിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. തന്നെയും മക്കളേയും കൊല്ലുമെന്ന് ഭര്‍ത്താവ് പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

Latest News