ന്യൂദൽഹി-വീട്ടിൽ നിന്നും പറഞ്ഞുവിട്ട കുക്ക് ബ്ലാക്ക് മെയിൽ ചെയ്യുന്ന ഭീഷണിയുമായി ഗുരുഗ്രാമിലെ കുടുംബം. വീട്ടിലെ ബാത്ത് റൂമിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നെന്നും ഇതിലൂടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും 25കാരൻ ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതി. വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് വാട്‌സ്ആപ്പിലൂടെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
തേജ് ബഹദൂർ സുജികുമാർ എന്ന നേപ്പാൾ സ്വദേശിയ്‌ക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. അടുത്തിടെ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് പരാതിയിൽ ഉള്ളത്. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ ജോലി ചെയ്തിരുന്ന യുവാവ് കുടുംബാഗത്തെ പോലെയായിരുന്നെന്നും അടുത്തിടെയാണ് പെരുമാറ്റത്തിൽ പ്രശ്‌നങ്ങൾ തോന്നിയതെന്നും പരാതിയിൽ പറയുന്നു. മെയ് 15നാണ് തേജ് ബഹദൂറിനെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്. വീട്ടിൽ നിന്ന് പറഞ്ഞുവിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗൃഹനാഥന്റെ വാട്‌സ്ആപ്പിലേക്കാണ് ഇയാൾ വോയ്‌സ് മെസേജുകൾ അയച്ചത്. കുളിമുറിയിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശങ്ങൾ. 'മെയ് 29നും ജൂൺ രണ്ടിനും ഇടയിൽ അയാൾ നിരവധി മെസേജുകളാണ് അയച്ചത്. തങ്ങളുടെ ബാത്ത് റൂമിൽ ക്യാമറ സ്ഥാപിച്ചിരുന്നെന്നും, ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി' വീട്ടുടമസ്ഥൻ പറയുന്നു.
ഭീഷണിക്ക് പിന്നാലെ വീട്ടുകാർ എല്ലാ ബാത്ത്‌റൂമിലും പരിശോധിച്ചെങ്കിലും ക്യാമറ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ നിന്ന് പോകുന്നതിന് മുൻപ് ക്യാമറകൾ സുജികുമാർ കൊണ്ടുപോയിരിക്കാമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. യുവാവിനെ ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നതെന്നും വീടിന്റെ എല്ലാ ഭാഗത്തും അവന് പ്രവേശനമുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇയാൾ കുളിമുറിയിൽ കയറി ക്യാമറ വെച്ചതിന്റെ ഒരു സൂചനയും തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്തെന്നും യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. അതേസമയം പ്രതി ബാത്ത് റൂമിൽ ക്യാമറ വെച്ചിട്ടില്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാകാമെന്നും പോലീസ് സംശയിക്കുന്നു. ഇയാൾ നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് പോലീസ് പറഞ്ഞു.