Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയും സുരേന്ദ്രനെ കൈവിട്ടു,  കുഴല്‍പ്പണം  അന്വേഷണത്തിന് 3 അംഗ പാര്‍ട്ടി ആഭ്യന്തര സമിതി

ന്യൂദല്‍ഹി- ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ്, മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് അതോടൊപ്പം മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
മൂന്ന് പേരും പാര്‍ട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. കേരളത്തിലെ ബി.ജെ.പിയുടെ നേതാക്കളെ ആരെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇതാണ് സത്യാവസ്ഥ അറിയാന്‍ കമ്മീഷനെ വച്ചത്. ഇതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. 2014ലില്‍ കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ അടക്കം വന്നു. കുഴല്‍പ്പണം വലിയ ചര്‍ച്ചയായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ വലിയ ആയുധമാക്കി. ഇതോടെയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടത്.
രണ്ടു ദിവസമായി ദല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വം അതൃപ്തരാണ്. അനുകൂല മണ്ഡലങ്ങളില്‍പ്പോലും വോട്ടുശതമാനം വര്‍ധിപ്പിക്കാനോ നിലവിലുണ്ടായിരുന്ന സീറ്റ് നിലനിര്‍ത്താനോ കഴിയാതിരുന്നത് സംഘടനാപരമായ ദൗര്‍ബല്യമായാണ് വിലയിരുത്തല്‍. 
 

Latest News