തിരുവനന്തപുരം- കൊടകര കേസിൽ സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സ്ഥിതിയാകരുതെന്നും ഷാഫി മു്‌നറിയിപ്പ് നൽകി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു നിലക്കും തന്നെ തൊടാൻ കഴിയില്ലെന്ന് സുരേന്ദ്രൻ തന്നെ വ്യക്തമാക്കിയതാണ്. അന്വേഷണം അട്ടിമറിക്കാൻ പോലീസിന് മേൽ സമ്മർദ്ദമുണ്ടെന്നും ഷാഫി ആരോപിച്ചു. അതേസമയം, കൊടകര സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുപതോളം പ്രതികളെ പിടികൂടിയെന്നും 1.12 കോടി രൂപയും സ്വർണവും പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് കള്ളപ്പണത്തിന് മണ്ണിട്ടത് കോൺഗ്രസ് ആണെന്ന ആരോപണവും മുഖ്യമന്ത്രി ഉയർത്തി. പ്രശ്‌നത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി ചോദിച്ചാണ് ഷാഫി പറമ്പിൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചു.