Sorry, you need to enable JavaScript to visit this website.

ഖബറടക്ക ചടങ്ങിനിടെ ചാവേർ പൊട്ടിത്തെറിച്ചു; അഫ്ഗാനിൽ 18 മരണം 

ജലാലാബാദിൽ ഖബറടക്ക ചടങ്ങിനിടെ ചാവേർ ആക്രമണം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 

ജലാലാബാദ്- കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഖബറടക്ക ചടങ്ങിനിടെ ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  നംഗർഹർ ഡിസ്ട്രിക്ടിലെ ബെഹ്‌സദിലാണ് സംഭവം. ഖബറടക്ക ചടങ്ങിനെത്തിയവർക്കിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നംഗർഹർ ഗവർണറുടെ വക്താവ് അതാഉല്ല ഖൊഗ്യാനി വാർത്താ ഏജൻസിയോട് പറഞ്ഞു. ചാവർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പ്രദേശത്ത് താലിബാൻ ആക്രമണം വർധിച്ചിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം സിവിലിയന്മാരാണ്.
പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിനു സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ ആദ്യം 12 പേർ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ചിലരുടെ പരിക്ക് ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയു ഉയരാനിടയുണ്ട്. 
ഹസ്‌ക മിന ഡിസ്ട്രിക്ട് മുൻ ഗവർണറുടെ ഖബറടക്ക ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. രക്തത്തിൽ മുങ്ങിയ വസ്ത്രങ്ങളും ചിതറിയ ചെരിപ്പുകളും അടുങ്ങുന്ന ഫോട്ടോകൾ ട്വിറ്ററിലും ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തു. ആകാശത്തേക്ക് പുക ഉയരുന്ന സ്ഥലത്ത് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നതാണ് മറ്റു ഫോട്ടോകൾ. സ്ഥലത്തുനിന്ന് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടവരിൽ കൂടുതൽ പ്രായമേറിയ അഫ്ഗാനികളാണ്.
പാക്കിസ്ഥാനോട് ചേർന്നുള്ള നംഗർഹാർ ഐ.എസ് ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. കാബൂളിൽ  ശിയാ സെന്ററിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇവിടെ 41 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് ദിനത്തൽ അഫ്ഗാൻ ഇന്റലിജൻസ് കമ്പൗണ്ടിനു പുറത്ത് ആറ് സിവിലിയന്മാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. 
സിറിയയിലും ഇറാഖിലും പ്രത്യക്ഷപ്പെട്ട ഐ.എസ് 2015 ലാണ് അഫ്ഗാൻ മേഖലയിൽ കൂടി പ്രവേശിച്ചത്. സൈനിക, സുരക്ഷാ സ്ഥാപനങ്ങളേയും ശിയാക്കളേയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്. 2001 ൽ നടന്ന യു.എസ് അധിനിവേശത്തിനു ശേഷം അഫ്ഗാനിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട വർഷമാണ് വിട പറയുന്നത്.  11,418 സിവിലിയന്മാർക്കാണ് ഈ വർഷം ആളപായമുണ്ടായത്. 2009 മുതലാണ് സിവിലിയൻ മരണവും പരിക്കും യു.എൻ കൃത്യമായി രേഖപ്പെടുത്തിത്തുടങ്ങിയത്. 

Latest News