ബന്ധുക്കള്‍ കൊല്ലാന്‍ വരുന്നു; ലിവ് ഇന്‍ പങ്കാളികള്‍ക്ക് സംരക്ഷണം ഒരുക്കി സുപ്രീം കോടതി

ന്യൂദല്‍ഹി- വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്ന രണ്ട് ലിവ് ഇന്‍ പങ്കാളികള്‍ക്ക് ഹൈക്കോടതി സംരക്ഷണം നിഷേധിച്ചെങ്കിലും സുപ്രീം കോടതി രക്ഷക്കെത്തി. ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണക്കിലെടുക്കാതെ തന്നെ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി പഞ്ചാബ്-ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വിവാഹമെന്ന പ്രഖ്യപിത ചട്ടക്കൂടില്ലാതെ പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെയാണ് ലിവ്ഇന്‍ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
സംരക്ഷണം നല്‍കുന്നത് സമൂഹത്തിന്റെ മൊത്തം ഘടനയെ ദുര്‍ബലമാക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇവരുടെ അപേക്ഷ തള്ളിയിരുന്നു. ലിവ് ഇന്‍ ബന്ധങ്ങള്‍ സാമൂഹികമായും ധാര്‍മികമായും സ്വീകാര്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണെന്നും കൊല്ലുമെന്ന കുടുംബങ്ങളുടെ ഭീഷണി കാരണം ഒളിച്ചോടിയതാണെന്നും സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷകന്‍ അഭിമന്യു തിവാരി ബോധിപ്പിച്ചു.
പൗരന്മാരുടെ ജീവിതവും സ്വാതന്ത്ര്യവും ഉള്‍പ്പെട്ട വിഷയമാണെന്ന കാര്യമാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട രണ്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജികളില്‍ ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഇത്തരവ് പുറപ്പെടുവിച്ചത്.

 

 

Latest News