റിയാദ് - വിദേശരാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമാണോയെന്ന് നിർണയിക്കുന്നത് മുഖീം രജിസ്‌ട്രേഷൻ വഴി. സൗദി അംഗീകരിച്ച രണ്ടുഡോസ് വാക്‌സിനെടുത്തവർ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ഇല്ലെങ്കിൽ ഏഴു ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം സൗദിയിലെ ക്വാറന്റൈൻ ഒഴിവാകുന്നതിന് വാക്‌സിൻ സർട്ടിഫിക്കറ്റ് സൗദി കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന് ഇതുവരെ സൗദി ആരോഗ്യമന്ത്രാലയമോ ആഭ്യന്തരമന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്ത്‌നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് വാക്‌സിൻ വിവരം സൗദി ആരോഗ്യമന്ത്രാലയത്തെ അറിയിക്കാൻ മന്ത്രാലയം രജിസ്‌ട്രേഷൻ സൗകര്യമേർപ്പെടുത്തിയിരുന്നു. എന്നാൽ സൗദിയിൽ പ്രവേശിക്കുന്നതിന് ഈ രജിസ്‌ട്രേഷൻ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. ഏതാനും ചിലർക്ക് ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തപ്പോൾ രണ്ടു ഡോസ് എടുക്കാത്തതോ സൗദി കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ ചെയ്യാത്തതോ ആയ കാരണത്താൽ അപേക്ഷ നിരസിച്ചുവെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി ഇത്തരം സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചുവരുന്നു. എന്നാൽ ഇതുസംബന്ധിച്ച ചോദ്യം സൗദി ആരോഗ്യമന്ത്രാലയത്തോടും ജവാസാത്തിനോടും പലരും ചോദിക്കുന്നുണ്ടെങ്കിലും നിലവിൽ അങ്ങനെ ഒരു നിയമമില്ലാത്തതിനാൽ മന്ത്രാലയങ്ങൾ അതിനോട് പ്രതികരിച്ചിട്ടില്ല. വളരെ ചുരുക്കം പേരുടെ അപേക്ഷ മാത്രമേ ഇങ്ങനെ നിരസിച്ചിട്ടുള്ളൂ. രണ്ടു ഡോസ് എടുത്തവരുടെ അപേക്ഷകൾ ആരോഗ്യമന്ത്രാലയ വെബ്‌സൈറ്റ് തള്ളിയിട്ടുമില്ല.
എന്നാൽ രണ്ടുഡോസ് വാക്‌സിനെടുത്ത വിദേശികൾ യാത്രയുടെ 72 മണിക്കൂറിനുള്ളിൽ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ജവാസാത്ത് അറിയിക്കുന്നത്. ഇന്ത്യയിലെ കോവിഷീൽഡ് രണ്ടു ഡോസ് വാക്‌സിനെടുത്ത് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച് സൗദിയിലെത്തുന്നവർ മുഖീം പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. അവർക്ക് നേരെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങാം. രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടുണ്ടോയെന്ന് ബോർഡിംഗ് പാസ് നൽകുമ്പോൾ തന്നെ വിമാനത്താവളങ്ങളിൽ ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയ രജിസ്‌ട്രേഷൻ എവിടെയും ചോദിക്കുന്നുമില്ല.
അതിനിടെ കോവിഡ് സർട്ടിഫിക്കറ്റുകളിൽ സൗദി കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ നിർബന്ധമാണെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ട്. അറ്റസ്‌റ്റേഷൻ ആവശ്യമെങ്കിൽ തന്നെ 4500 ഓളം രൂപ ആവശ്യമുള്ളയിടത്ത് ചില ഏജൻസികൾ 9000 രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നാണ് ജവാസാത്ത് അറിയിച്ചിട്ടുള്ളത്.