കേപ്ടൗണ്‍- ദക്ഷിണാഫ്രിക്കയില്‍ എച്‌ഐവി രോഗിയായ യുവതിയില്‍ ഏറെ അപകടകാരിയായ കൊറോണ വൈറസ് വകഭേദഗങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍. 36കാരിയായ ഈ യുവതിക്ക് കോവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചത് 216 ദിവസങ്ങള്‍ക്കു ശേഷമാണ്. ഈ ഏഴു മാസത്തിനിടെ ഇവരില്‍ കൊറോണ വൈറസിന് 32 തവണ ജനിതരൂപമാറ്റം സംഭിച്ചതായി പുതിയ പഠന റിപോര്‍ട്ട് പറയുന്നു. 2006ലാണ് യുവതിക്ക് എച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിനു ശേഷം അവരുടെ രോഗപ്രതിരോധ ശേഷം ദുര്‍ബലപ്പെട്ടിരുന്നു. 2020 സെപ്തംബറിലാണ് കോവിഡ് ബാധിച്ചത്.
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടത്തിയ വൈറസ് വകഭേദങ്ങളും ഈ യുവതിയിലുണ്ടായിരുന്നു. അതേസമയം ഈ യുവതിയില്‍ നിന്ന് കോവിഡ് മറ്റാര്‍ക്കെങ്കിലും പടര്‍ന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. മുതിര്‍ന്നവരില്‍ നാലില്‍ ഒരാള്‍ക്ക് എച്‌ഐവി ബാധയുള്ള ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നറ്റാല്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നാണ് കോവിഡിന്റെ പുതിയ വകഭേദങ്ങളില്‍ അധികവും ഉണ്ടായിട്ടുള്ളത്. ഇത് യാദൃശ്ചികമല്ലെന്ന് ഗവേഷകര്‍ പറയുന്നു. എച്‌ഐവി ബാധിതര്‍ക്ക് കോവിഡ് വേഗത്തില്‍ ബാധിക്കുകയും കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിനും അധികം തെളിവുകളില്ല. അതേസമയം ഇത്തരം കൂടുതല്‍ കേസുകള്‍ കണ്ടെത്തിയാല്‍ എച്‌ഐവി രൂക്ഷമായി ബാധിച്ച വ്യക്തികള്‍ വൈറസ് വകഭേദങ്ങളുടെ ഒരു ഫാക്ടറി തന്നെ ആകാമെന്നും ഗവേഷകര്‍ പറയുന്നു.
ഡര്‍ബനിലെ ക്വാസുലു നറ്റാല്‍ യൂണിവേഴ്‌സിറ്റിയിലെ ജനിതക ശാസ്ത്രജ്ഞയായ ടുലിയോ ഡി ഓലിവേറയുടെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കോവിഡ് വൈറസ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാലം വസിക്കുമെന്നും അവര്‍ പറയുന്നു. അതേസമയം ഈ പഠനത്തിലെ എച്‌ഐവി ബാധിതയായ യുവതിക്ക് ലഘുവായ കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.
എച്‌ഐവി ബാധിതരിലെ കോവിഡ് ബാധയും വൈറസ് വകഭേദങ്ങളും തമ്മില്‍ ശക്തമായ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പഠനങ്ങളിലൂടെ പുറത്ത് വന്നാല്‍ അത്, 10 ലക്ഷത്തിലേറെ എച്‌ഐവി രോഗികളുള്ള ഇന്ത്യയ്ക്ക് വലിയ ആശങ്കയാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.