കൊച്ചി- ലക്ഷ്ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമങ്ങളെ ചൊല്ലിയുള്ള പ്രതിഷേധങ്ങളും വിവാദങ്ങളുടെ ചൂടോടെ തുടരുന്നതിനിടെ മറ്റൊരു വിവാദ ഉത്തരവ് കൂടി വന്നു. മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളില്‍ രഹസ്യാന്വേഷണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി കൊണ്ടു പോകണമെന്നാണ് വിവാദ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ പുതിയ ഉത്തരവ്. ഇതും ദ്വീപിനെ ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി.
പരിസര ശുചിത്വം സംബന്ധിച്ചും പുതിയ ഉത്തരവ് ജൂണ്‍ നാലിന് അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയിട്ടുണ്ട്. ഇളനീര്‍ തോടുകള്‍, തെങ്ങോല, ചിരട്ട, ചകിരി, മട്ടല്‍ തുടങ്ങിയവ പൊതു സ്ഥലങ്ങളിലും വീടുകളുടെ പരിസരത്തും ശാസ്ത്രീയമായി സംസ്‌ക്കരിക്കണമെന്നും ഉത്തരവുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
ഈ ഉത്തരവുകള്‍ ദ്വീപിലെ ജനങ്ങളെ പരിഹസിക്കലാണെന്നും ഇവ ഉടന്‍ പിന്‍വലിക്കണമെന്നും ലക്ഷ്ദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. നൂറു കണക്കിന് മത്സ്യ ബന്ധ ബോട്ടുകളാണ് ദ്വീപുകാര്‍ മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്നത്. ഈ ബോട്ടുകളിലെല്ലാം ഉദ്യോഗസ്ഥരെ കൊണ്ടു പോകണമെങ്കില്‍ എത്ര ഉദ്യോഗസ്ഥര്‍ വേണ്ടി വരും. നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഒരുക്കിയ ശക്തമായ നിരീക്ഷണ സംവിധാനങ്ങല്‍ എല്ലാ ദ്വീപുകളിലും നിലവില്‍ ഉണ്ട്. 30 നോട്ടിക്കല്‍ മൈല്‍ വരെ ദൂരെ കപ്പലുകളേയും ബോട്ടുകളേയും നിരീക്ഷിക്കാന്‍ ശേഷിയുള്ള മകിച്ച റഡാര്‍ സംവിധാനം ദ്വീപിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ഉണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. മാസത്തിലോ അല്ലെങ്കില്‍ മൂന്ന് മാസത്തില്‍ ഒരിക്കലോ കോസ്റ്റ് ഗാര്‍ഡ് പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുകയും സംശയകരമായ നീക്കങ്ങളെ കുറിച്ച് വിവരം നല്‍കാന്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. അവരെല്ലാം മികച്ച രീതിയില്‍ സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കുന്നുമുണ്ട്. എന്നിരിക്കെ ഇത്തരമൊരു ഉത്തരവിലൂടെ ഭരണകൂടം എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്? മുഹമ്മദ് ഫൈസല്‍ ചോദിക്കുന്നു. തീരദേശ സംസ്ഥാനങ്ങളായ ഗുജറാത്ത്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലൊന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഇങ്ങനെ ഉദ്യോഗസ്ഥരെ കൊണ്ടു പോകണമെന്ന ഉത്തരവ് ഇല്ലാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കം അഡൈ്വസറുടെ അധ്യക്ഷതയില്‍ മേയ് 28ന് ചേര്‍ന്ന യോഗത്തിലാണ് മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രഹസ്യവിവര ശേഖരണത്തിന്‍രെ ഭാഗമായി നിയോഗിക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക മത്സ്യ ബന്ധന ബോട്ടുകളേയും ജീവനക്കാരേയും നിരീക്ഷിക്കാനും ദ്വീപിലെത്തുന്ന കപ്പലുകളിലേയും ബോട്ടുകളിലേയും യാത്രക്കാരെ കര്‍ശന പരിശോധന നടത്താനും യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ദ്വീപ് ഭരണകൂടം നിര്‍ദേശങ്ങള്‍ നല്‍കി.