ഗാന്ധിനഗര്‍- രണ്ടാം ലോക യുദ്ധകാലത്ത് ഇന്ത്യയില്‍ കാണാതായ നാനൂറിലേറെ അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വൈകാതെ തിരച്ചില്‍ ആരംഭിക്കും. ഇതിനായി യുഎസ് പ്രതിരോധ മന്ത്രാലയവും ഗാന്ധിനഗറിലെ നാഷനല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണയായി. യുഎസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് പ്രിസനര്‍ ഓഫ വാര്‍/ മിസിങ് ഇന്‍ ആക്ഷന്‍ അക്കൗണ്ടിങ് ഏജന്‍സി (ഡിപിഎഎ) ആണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഗുജറാത്തിലെ നാഷനല്‍ ഫോറന്‍സിക് യൂണിവേഴ്‌സിറ്റിക്കു പുറമെ ഡിപിഎഎ അമേരിക്കയിലെ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് നബ്രാസ്‌ക ലിന്‍കനുമായും ഇതിനായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
ഡിപിഎഎ സംഘം വൈകാതെ ഇന്ത്യയിലെത്തും. രണ്ടാം ലോക യുദ്ധത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പേരാട്ടത്തിനിടെ കാണാതായ യുഎസ് കരസേനയിലേയും വ്യോമ സേനയിലേയും സൈകികരെ കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ ചികയുന്നത്. രണ്ടാം ലോക യുദ്ധം, കൊറിയന്‍ യുദ്ധം, ശീത യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഇറാഖ് യുദ്ധം എന്നീ പോരാട്ടങ്ങളില്‍ കാണാതാകുകയും എതിര്‍ചേരിയുടെ പിടിയിലാകുകയും ചെയ്ത യുഎസ് സൈനികരെ തേടിപ്പിടിക്കുകയാണ് ഡിപിഎഎയുടെ ജോലി.
ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവരുടെ തിരച്ചില്‍ നടക്കുക. ഡിപിഎഎ സംഘം എട്ടു തവണ ഇന്ത്യയിലെത്തും. അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ 2008 മുതല്‍ യുഎസ് തങ്ങളുടെ മുന്‍കാല സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരുന്നുണ്ട്. 2016ല്‍ ഡിപിഎഎ സംഘവും ആന്ത്രപോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ചേര്‍ന്ന് യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചിരുന്നു. ആറ് യുഎസ് സൈനികരുടെ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 306 പേര്‍ ഇന്ത്യയില്‍ മരിച്ചതായി കരുതപ്പെടുന്നുവെന്നും ഡിപിഎഎ പറയുന്നു. എന്നാല്‍ ഇവരുടെ എണ്ണം നാനൂറിലേറെ വരുമെന്നും ഡിപിഎഎ പറയുന്നു.