ന്യൂദല്‍ഹി- അമേരിക്കയില്‍ ചികിത്സക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടുപ്പുകേസിലെ പ്രതിയായ രത്നവ്യാപാരി മെഹുല്‍ ചോക്സി. ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്സി ഈ അവകാശവാദം ഉന്നയിച്ചത്. ചോക്സിയെ ഇന്ത്യക്ക് കൈമാറുന്ന വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണിത്.
ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്സ്മെന്റിന്റെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്സി സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് താനുമായി അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിന് അവരെ ക്ഷണിച്ചിരുന്നുവെന്നും ചോക്സി അവകാശപ്പെട്ടു. എട്ട് പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. താനുമായി അഭിമുഖം നടത്താനും തന്നില്‍നിന്ന് എന്തെങ്കിലും ആരായാനുണ്ടെങ്കില്‍ ചോദിച്ചറിയാനും ആവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ക്ക് ക്ഷണപത്രം അയച്ചിരുന്നു എന്നാണ് ചോക്സിയുടെ അവകാശവാദം.