Sorry, you need to enable JavaScript to visit this website.

കള്ളപ്പണ കേസിൽ ഗൂഢാലോചനയെന്ന് ബി.ജെ.പി, സുരേന്ദ്രന് പിന്തുണ

എറണാകുളം- കൊടകര കുഴൽപ്പണ കേസിൽ പോലീസ് ഗൂഢാലോചന നടത്തുന്നുവെന്ന് ബി.ജെ.പി ഭാരവാഹികൾ. കോർ കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കുമ്മനം രാജശേഖരനാണ് ആരോപണം ഉന്നയിച്ചത്. പരാതിക്കാരൻ ആരൊയൊക്കെയോ ഫോൺ വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യുന്നത്. ബി.ജെ.പിയെ നശിപ്പിക്കാൻ വേണ്ടിയാണ് ഇക്കാര്യം ചെയ്യുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ മകനെ വരെ ചോദ്യം ചെയ്യുകയാണ് പോലീസ്. ബി.ജെ.പിയെ അവഹേളിച്ച് ജനമധ്യത്തിൽ കരിവാരിത്തേക്കാനാണ് ശ്രമം. കുഴൽപ്പണ കേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ല. സത്യവുമായി പുലബന്ധം പോലുമില്ലാത്ത ആരോപണമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അദ്ദേഹത്തെ ജനമധ്യത്തിൽ പരിഹാസ്യനാക്കാനുള്ള നീക്കം വിലപ്പോകില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പിയുടെ വേരോട്ടം ശക്തമാണ്. മുഴുവൻ എതിർപ്പുകളും മറികടക്കും. മാധ്യമവിചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്. 
ധർമ്മരാജൻ കേസിലെ സാക്ഷിയാണെന്നും പ്രതിയാണെന്ന തരത്തിലാണ് ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. എന്ത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യും. എന്നാൽ കേരള പോലീസ് പക്ഷപാതപരമായ അന്വേഷണമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
 

Latest News