ശ്രീനഗർ- ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ നാലു ജവാൻമാർ കൊല്ലപ്പെട്ടു. അവന്തിപോറയിലെ 185ാം ബറ്റാലിയൻ ക്യാമ്പിനു നേർക്ക് പുലർച്ചെ രണ്ടു മണിക്കാണ് ആക്രമണം ഉണ്ടായത്. രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. മൂന്നാമതൊരാൾ കൂടി ഉണ്ടായിരിക്കാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് സൈന്യം ജാഗ്രതയിലായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയവരെന്ന് സംശയിക്കപ്പെടുന്ന ഭീകരർ വെടിയുതിർത്തും ഗ്രനേഡുകൾ എറിഞ്ഞുമാണ് സൈനിക ക്യാമ്പിനകത്തേക്ക് പ്രവേശിച്ചത്. കെട്ടിടത്തിനകത്ത് ഒളിച്ച ഭീകരരെ പിടികൂടാൻ ഉടൻ തന്നെ സൈന്യം രംഗത്തെത്തി. കെട്ടിടത്തിനകത്തു നിന്ന് ആറ് ജവാൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.