ന്യൂദല്‍ഹി- മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് പരാതിപ്പെടുന്ന സ്ത്രീയോട് അമേരിക്കയില്‍ പോയി പരാതി നല്‍കാന്‍ പറയാന്‍ പറ്റുമോയെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. പുതിയ ഐ.ടി നിയമങ്ങളെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ മുന്‍കാമുകന്‍ അവളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പറയുന്ന അമ്മയോടും വേറെ രാജ്യത്ത് പോയി പരാതിപ്പെടാന്‍ ആവശ്യപ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ സെക്‌സ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെയാണ് നിയമം വഴി പിടികൂടുക. സ്ത്രീകളുടെ പരാതികള്‍ കണക്കിലെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും സാധാരണ ഉപയോക്താക്കളെ ഇതൊരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
ഡിജിറ്റല്‍ പരമാധികാരത്തില്‍ ഇന്ത്യ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഇന്ത്യയില്‍ ബിസിനിസ് നടത്തണമെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചേ മതിയാകൂവെന്ന് നിയമ മന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദ് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.