കാസര്‍കോട്- സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന വെളിപ്പെടുത്തലിനുശേഷം ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാര്‍ഥിയായ കെ. സുന്ദരക്ക് മത്സരത്തില്‍നിന്നു പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി പിന്നീടു പിന്മാറിയ കെ. സുന്ദര, ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണവും ഫോണും നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്.
പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാന്‍ അമ്മയോട് അവര്‍ ആവശ്യപ്പെട്ടുവെന്നും പോലീസിനോടു കൂടുതല്‍ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേര്‍ത്തു. 15 ലക്ഷം രൂപയാണു ഞാന്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി എനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യില്‍ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാല്‍ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. പോലീസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ തയാറാണ്- സുന്ദര വിശദീകരിച്ചു.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര ഇപ്പോള്‍ പറയുന്നു.