തൃശൂര്‍-നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മഞ്ജു വാര്യരും ഭാവനയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണ് മഞ്ജു ആശംസയറിച്ചിരിക്കുന്നത്. ഒരൊറ്റ വാചകത്തിലൂടെ ഭാവനയോടുള്ള സ്‌നേഹവും അടുപ്പവുമെല്ലാം മഞ്ജു പറഞ്ഞുവെച്ചിട്ടുമുണ്ട്.
'ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍, എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു,' എന്നാണ് മഞ്ജുവിന്റെ ജന്മദിനാശംസ. പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ 12,000ത്തിലേറെ പേരാണ് മഞ്ജുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് കമന്റുകളും വന്നുകഴിഞ്ഞു.
2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്കെത്തുന്നത്. പതിനാറാം വയസില്‍ മലയാള സിനിമയിലെത്തിയ ഭാവനക്ക്, നമ്മളിന്റെ വിജയത്തിന് പിന്നാലെ നിരവധി അവസരങ്ങള്‍ ലഭിച്ചു. അതേ വര്‍ഷമിറങ്ങിയ തിളക്കം, ക്രോണിക് ബാച്ചിലര്‍, സി.ഐ.ഡി മൂസ എന്നീ ഹിറ്റ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി ഭാവന എത്തി. നമ്മളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ഭാവന കരസ്ഥമാക്കി. ദൈവനാമത്തില്‍ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും ഭാവന നേടിയിട്ടുണ്ട്. തമിഴിലും കന്നടയിലും വിവിധ ചിത്രങ്ങളില്‍ നായികയായ ഭാവന ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ്. ബജ്‌രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നട ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാവന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.