Sorry, you need to enable JavaScript to visit this website.

ശല്യപ്പെടുത്തിയ വ്യാജ ഐ.ഡി കണ്ടെത്തിയപ്പോൾ ഞെട്ടിയെന്ന് എഴുത്തുകാരൻ

തിരുവനന്തപുരം- തന്നെ ഫെയ്ക്ക് എക്കൗണ്ടിലൂടെ പിന്തുടർന്നയാളെ കണ്ടെത്തി എഴുത്തുകാരൻ. അഖിൽ പി ധർമ്മജൻ എന്ന എഴുത്തുകാരനാണ് വിദ്യ എസ് നായർ എന്നയാളെ കണ്ടെത്തിയത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനാണ് വ്യാജ എക്കൗണ്ട് വഴി തന്നെ പിന്തുടർന്ന് മുഴുവൻ പോസ്റ്റുകളിലും എത്തി തന്നെ ശല്യപ്പെടുത്തിയതെന്നും അഖിൽ വ്യക്തമാക്കുന്നു. 
അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 

കുറച്ച് ദിവസങ്ങളായി പല പുസ്തക നിരൂപണ ഗ്രൂപ്പുകളിലും സാഹിത്യ ട്രോൾ ഗ്രൂപ്പുകളിലും എന്നെപ്പറ്റി മോശം പറഞ്ഞ് നടക്കുന്ന "വിദ്യ എസ് നായർ'" എന്ന പേരിലുള്ള fake ഐഡിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്ത് ചർച്ച നടന്നാലും അതിലേക്ക് എന്റെ പേര് വലിച്ചിടുക എന്നത് സ്ഥിരമായപ്പോൾ ശ്രദ്ധിച്ചതാണ്. അതിനൊപ്പം ചേരാൻ ചില ആളുകൾ ഉള്ളത് കൊണ്ട് അതിങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. എന്നെ മാത്രമല്ല പറയുന്നത്. പുസ്തകങ്ങൾ അത്യാവശ്യം വിൽപ്പനയുള്ള ചില പുതിയ തലമുറ എഴുത്തുകാരെയും ഇതുപോലെ പറയുന്നത് കണ്ടു. ആ fake ഐഡിക്ക് നല്ല വായനാശീലം ഉണ്ടെന്ന് പല കമന്റുകളിൽ നിന്നും ഞാൻ മനസ്സിലാക്കി. അതിനാൽ വെറുതെ ഒരു ദിവസം അതിന്റെ പിന്നാലെ ഞാനൊന്ന് സി.ഐ.ഡി വേഷം കെട്ടി പിന്തുടർന്നു. ആ fake ഐഡി ഇടുന്ന കമന്റുകൾ ഒരു പ്രത്യേക രീതിയിൽ ആണെന്ന് ഞാൻ മനസ്സിലാക്കി. അതായത് ഞാൻ ടൈപ്പ് ചെയ്‌ത് കഴിഞ്ഞാൽ സാധാരണ മൂന്ന് കുത്തുകൾ സ്വാഭാവികമായും ഇടാറുണ്ട്. അതുപോലെ ഈ ഐഡി സ്ഥിരമായി രണ്ട് കുത്ത് പിന്നെ ഒരു സ്പേസ് പിന്നെ ഒരു കോമ ഇങ്ങനെ പ്രത്യേക രീതിയിലാണ് പാരഗ്രാഫ് ആയി കമന്റുകൾ ടൈപ്പ് ചെയ്യുന്നത്. ഇതേ രീതിയിൽ കമന്റ് ചെയ്യുന്ന വേറെ ഏതെങ്കിലും ഐഡികൾ ഗ്രൂപ്പിൽ ഉണ്ടോ എന്നുള്ള ഒരു പരിശോധന ഞാൻ നടത്തി. കുറെ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ അധികമായി ചർച്ചകളിൽ വരാത്ത ഒരാളെ കണ്ടെത്താൻ എനിക്ക് സാധിച്ചു. അയാളുടെ പ്രൊഫൈലിൽ കയറിയപ്പോൾ ഇതേ പാറ്റേണിൽ ഉള്ള കമന്റുകളും, പോസ്റ്റുകളും മാത്രം..!

എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് കേരളത്തിലെ പ്രമുഖ പബ്ലീഷിങ് കമ്പനി പുസ്തകം പബ്ലീഷ് ചെയ്ത ഒരു പ്രമുഖ എഴുത്തുകാരൻ ആണ് ആൾ എന്നതിലാണ്. ഞാൻ ആ പുസ്തകം വാങ്ങി വായിച്ച ഒരാളുമാണ്. എങ്കിലും ഒന്നുകൂടി അത് പരിശോധന നടത്തേണ്ട കാര്യമാണല്ലോ...

ഞാൻ ആ fake ഐഡിയും ഈ എഴുത്തുകാരന്റെ ഐഡിയും എടുത്ത് താരതമ്യം ചെയ്തു. (കള്ളത്തരം കാണിക്കുമ്പോൾ എവിടെയെങ്കിലും അബദ്ധത്തിൽ എന്തെങ്കിലും തെളിവുകൾ അവശേഷിപ്പിക്കാൻ നല്ല ചാൻസ് ഉണ്ടല്ലോ). നോക്കുമ്പോൾ 3 വർഷം മുൻപാണ് ഈ ഐഡി ഉണ്ടാക്കിയിട്ടുള്ളത്. പിന്നീട് ഈ ഐഡി ആക്റ്റീവ് ആയത് ഈ പറഞ്ഞ എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ്. പിന്നെ എന്നെ ആകർഷിച്ചത് ഈ fake ഐഡി ലൈക്ക് ചെയ്തിരിക്കുന്ന ഏക ഫേസ്‍ബുക്ക് പേജ് ഈ എഴുത്തുകാരന്റെ പേജ് ആണെന്നതിൽ ആണ്. മാത്രവുമല്ല എഴുത്തുകാരന്റെ പുസ്തകത്തിന് നിരൂപണം നടത്തിയിട്ടുള്ള ഏതാനും ആളുകൾ മാത്രമാണ് ഫ്രണ്ട്‌സ് ലിസ്റ്റിൽ മ്യൂച്ചൽ ഫ്രണ്ട്‌സ് ആയി ഉള്ളതും. അതോടെ ഏകദേശം കാര്യങ്ങൾ ഉറപ്പായി. എങ്കിലും ഒന്നുകൂടി പരിശോധന നടത്തിയപ്പോൾ എഴുത്തുകാരനും ഈ fake ഐഡിയും ജനിച്ചത് ഒരേ വർഷം ഒരേ ദിവസം ഒറ്റ മാസം മാത്രം വ്യത്യാസം. അതോടെ രണ്ടും കൽപ്പിച്ച് ഞാൻ ആ fake ഐഡിയിൽ കയറി ഒരു മെസ്സേജ് അയച്ചു. അത് ചുവടെ സ്ക്രീൻഷോട്ട് ഇട്ടിട്ടുണ്ട്. പക്ഷെ മെസ്സേജ് ആ ഐഡി കണ്ടില്ല. തുടർന്നും കമന്റ് സെക്ഷനിൽ എനിക്കെതിരെയും, മറ്റുള്ള ബെസ്റ്റ് സെല്ലിങ് യുവ എഴുത്തുകാർക്കും എതിരേ ഘോരഘോരം സംസാരിച്ചു..

എങ്ങനെ ഈ എഴുത്തുകാരനെ "ഞാൻ നിന്നെ കണ്ടുപിടിച്ചെടാ കുമ്മണാമൂഞ്ചി..." എന്ന് അറിയിക്കും എന്ന് ചിന്തിച്ചപ്പോൾ എന്നിലെ കുരുട്ടുബുദ്ധി ഉണർന്നു. നേരെ വിദ്യ എസ് നായരുടെ ഐഡിയിൽ കയറി പ്രൊഫൈൽ പിക്ചർ ഡൗൺലോഡ് ചെയ്തു. അതേ പ്രൊഫൈൽ പോലെ കണ്ടാൽ തോന്നുന്ന മറ്റൊരു 916 പരിശുദ്ധയായ വിദ്യ എസ് നായരെ ഞാൻ ഉണ്ടാക്കിയെടുത്തു. എന്നിട്ട് ഈ എഴുത്തുകാരന്റെ ഏറ്റവും പുതിയ പോസ്റ്റിൽ പോയി പല ഇടത്തും കമന്റുകൾ ചെയ്തു. ബാക്കിയുള്ളവർക്ക് റിപ്ലെ കൊടുക്കുന്ന കൂട്ടത്തിൽ എഴുത്തുകാരൻ തന്റെ fake ഐഡി തന്നെ തേടി കമന്റ് ബോക്‌സിൽ വന്നത് കണ്ട് ഞെട്ടി കാണണം. ഏതാനും മിനിറ്റുകൾക്കുള്ളിൽ എഴുത്തുകാരന്റെ വിദ്യയെന്ന fake ഐഡി ഡിആക്ടിവേറ്റ് ആയി. അതോടെ ഞാൻ 100% ഉറപ്പിച്ചു. ഇത് അവൻ തന്നെ. ഇൻബോക്സ് തുറന്നിട്ടുണ്ട് എങ്കിൽ എന്റെ മെസ്സേജ് കണ്ടിട്ടുണ്ടാവണം കക്ഷി. ഇല്ലെങ്കിൽ അറിയിക്കാൻ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. സ്വന്തം പുസ്തകം ഉദ്ദേശിച്ച രീതിയിൽ എത്തിയില്ല എങ്കിൽ ഇതുപോലെ fake ഐഡി ഉണ്ടാക്കി മറ്റുള്ളവരുടെ നെഞ്ചത്ത് കയറുക അല്ല ചെയ്യേണ്ടത്. ആളുകളുടെ മുന്നിൽ നിങ്ങളിലെ എഴുത്തുകാരൻ ചെറുതായി പോകാതെയിരിക്കുവാൻ വേണ്ടി ഞാൻ താങ്കളുടെ പേരോ താങ്കളുമായി ബന്ധപ്പെടുത്തുന്ന സ്ക്രീൻഷോട്ടുകളോ പോസ്റ്റ് ചെയ്യുന്നില്ല. അത് എന്റെ മര്യാദ ആയി മാത്രം കണ്ടാൽ മതി. താങ്കൾ മാത്രമല്ല. പലരും തങ്ങളുടെ ഫ്രസ്ട്രേറ്റഷൻ തീർക്കുവാൻ ഇതുപോലെ ശ്രമിക്കുന്നത് കാണുന്നുണ്ട്. ഇവരോടൊക്കെ ഒരു കാര്യം മാത്രം പറയുന്നു. " നിങ്ങൾക്ക് മറ്റൊരാളുടെ വളർച്ചയിൽ അസൂയ തോന്നാത്തത് എന്നാണോ, അന്നേ നിങ്ങൾ ഗതിപിടിക്കാൻ പോണുള്ളൂ. അതിപ്പോൾ ഏത് മേഖലയിൽ ആണെങ്കിലും..."

നന്ദി...നമസ്കാരം...

Latest News