ന്യൂയോര്‍ക്ക്- ഗൂഗ്ള്‍, ആമസോണ്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ ബഹുരാഷ്ട്ര ബിസിനസുകള്‍ക്ക് കൂടുതല്‍ വിപുലമായ ആഗോള നികുതിവലയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വികസിത രാജ്യങ്ങള്‍ കരാറിലെത്തി.
സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 രാജ്യങ്ങളുടെ നിലവിലെ ധാരണപ്രകാരം ഇത്തരം ആഗോള കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇത് കോവിഡ് മൂലം ലോകം അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാരം നടത്തുന്ന രാജ്യങ്ങളിലും അവര്‍ കൂടുതല്‍ നികുതി അടക്കേണ്ടി വരും.
ചരിത്രപ്രധാനമായ കരാറിലാണ് ഇക്കാര്യത്തില്‍ ജി-7 ധനകാര്യ മന്ത്രിമാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനാക് പറഞ്ഞു. ആഗോള ഡിജിറ്റല്‍ യുഗത്തിന് അനുസൃതമായ ആഗോള നികുതി വ്യവസ്ഥയാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.