മഞ്ചേരി- മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിനെ സർക്കാർ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി സർവകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മെഡിക്കൽ കോളേജിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ബജറ്റിൽ തുക വകയിരുത്താത്തത് അവഗണനയുടെ തെളിവാണെന്ന് സർവകക്ഷി യോഗം കുറ്റപ്പെടുത്തി. മെഡിക്കൽ കോളേജ് ആരംഭിച്ചിട്ട് എട്ടു വർഷം പൂർത്തിയായി. ഇവിടെ പി.ജി കോഴ്‌സിനും ബി.എസ്.സി നഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചതാണ്. എന്നാൽ ഇതിനാവശ്യമായ ഫണ്ട് സർക്കാർ നൽകുന്നില്ല.
പഴയ മഞ്ചേരി ജനറൽ ഹോസ്പിറ്റൽ കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പ്രസവം നടക്കുന്ന സ്ഥാപനമായിരുന്നു. ജില്ലയിലെ ഗർഭിണികളും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എല്ലാ സജ്ജീകരണങ്ങളോടെയും സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം പണി പൂർത്തിയാക്കി ബോർഡ് സ്ഥാപിച്ചു. ഈ ബോർഡുകൾ മാറ്റി പകരം മെഡിക്കൽ കോളേജ് ആരംഭിച്ചതോടെ നിലവിലുള്ള ചികിത്സാ സൗകര്യങ്ങൾ മഞ്ചേരിക്ക് നഷ്ടമായി. കോവിഡ് മഹാമാരി രൂക്ഷമായതോടെ കഴിഞ്ഞ വർഷവും ഈ വർഷവും കോവിഡ് ചികിത്സക്ക് മാത്രം ഉള്ള ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ ഈ ആശുപത്രിയെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ പതിനായിരങ്ങൾ നട്ടംതിരിയുകയാണ്.
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ മഞ്ചേരിയിൽ നിലവിൽ സർക്കാർ തലത്തിൽ ചികിത്സാ സൗകര്യം രണ്ടു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണുള്ളത്. അറുപതിൽപരം ഡോക്ടർമാർ ഉൾപ്പെടെ നിരവധി ജീവനക്കാർ മെഡിക്കൽ കോളേജിൽ ഉണ്ടെങ്കിലും ഇവരുടെ സേവനം മഞ്ചേരി നഗരസഭയിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ജനറൽ ഹോസ്പിറ്റലിന്റെ അധികാരം സർക്കാർ നഗരസഭക്കായതിനാൽ ഈ ആശുപത്രി മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റി ഒ.പി തുടങ്ങാനുള്ള സംവിധാനമൊരുക്കണം. സർവകക്ഷി യോഗം ആവശ്യപ്പെട്ടു. സർവകക്ഷി കൂട്ടായ്മ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.