Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി പ്രവര്‍ത്തനം വീട്ടില്‍നിന്ന് തുടങ്ങണം, ഇതാണ് ബാബുവിന്റെ മാതൃക

കോഴിക്കോട് - പ്രകൃതിയോട് സമരസപ്പെട്ട് ഇണങ്ങി ജീവിക്കാനുതകുന്ന തരത്തിലൊരു വീടൊരുക്കി വേറിട്ട കാഴ്ചയാകുകയാണ് ലോക പരിസ്ഥിതി ദിനത്തില്‍ കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകനായ ബാബു പറമ്പത്ത്.
വീട്ടില്‍നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന് തുടക്കം കുറിക്കേണ്ടതെന്ന സന്ദേശം ഓര്‍മപ്പെടുത്തുവാനാണ് ഇങ്ങനെ ചെയ്തതെന്നാണ്
ഹരിതകേരളം മിഷന്റെ സഹായ സ്ഥാപനമായ നിറവിന്റെ കോ-ഓര്‍ഡിനേറ്ററര്‍കൂടിയായ ബാബു പറയുന്നത്.
എല്ലാ വര്‍ഷവും വൃക്ഷത്തൈകളും ചെടികളുമൊക്കെ നട്ടു പിടിപ്പിച്ചും പരിസരവും ജലാശയങ്ങളും മറ്റും വൃത്തിയാക്കിയുമൊക്കെയാണ് പരിസ്ഥിതി ദിനം നാം ആഘോഷിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ഈ മരങ്ങളെല്ലാം എത്ര വളര്‍ന്നു, നശിപ്പിക്കപ്പെട്ടോ എന്നൊന്നും ആരും ചിന്തിക്കാറില്ല. അതിനാല്‍ ഇതെല്ലാം അവനവന്റെ വീടുകളില്‍ നിന്നാരംഭിച്ചാല്‍ പരിസ്ഥിതി ശുചീകരണമെന്ന വിഷയം തന്നെ പിന്നീട് വരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
പ്രകൃതിക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കാതെയുമാണ് ബാബു തന്റെ ഹരിത ഭവനം നിര്‍മ്മിച്ചിരിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ചാണ് വീട് പണിതത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് സ്റ്റീല്‍ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയാണ് വീടിനകത്ത് ഉപയോഗിക്കുന്നത്. വീടിനു ചുറ്റുമുള്ള ഒന്നര സെന്റ് സ്ഥലത്തും ടെറസിനു മുകളിലായുമൊക്കെ ചേന, ചേമ്പ്, പയര്‍, വെണ്ട, ഇഞ്ചി തുടങ്ങി  ഇരുപത്തിയെട്ടോളം തരം പച്ചക്കറികളും റംബൂട്ടന്‍, ലിച്ചി, പപ്പായ, പേരക്ക, വിവിധയിനം മാവുകള്‍, വാഴകള്‍ തുടങ്ങി പത്തിലേറെ ഫല വര്‍ഗ്ഗങ്ങളും ഔഷധ ചെടികളും മതിലിലും വീട്ടുവളപ്പിലുമായികൃഷി ചെയ്യുന്നുണ്ട്.
രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹരിത വീടുകള്‍ക്ക് ഏറെ പ്രാധാന്യം വരും കാലത്തുണ്ടാകുമെന്നതിനാല്‍
മഴവെള്ളം മണ്ണിലേക്കും കിണറിലേക്കും റീചാര്‍ജ് ചെയ്യുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ വീട്ടിലെ കിണര്‍.
അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ നിന്നും ലഭിക്കുന്ന ജൈവവളം കൃഷിക്കായാണ്  ഉപയോഗപ്പെടുത്തുന്നത്.
ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്ന
അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരംതിരിച്ച് വീട്ടില്‍ സൂക്ഷിക്കാനായി മൈക്രോ മെറ്റീരിയല്‍ കളക്്ഷന്‍ ഫെസിലിറ്റി (എം സി എഫ്) മാതൃകയും സ്ഥാപിച്ചതാണ് ഏറെ വ്യത്യസ്തമായ കാഴ്ച.
നാല് അറകളോടു കൂടിയ ഈ സംവിധാനം അലൂമിനിയം സ്റ്റാന്റ് കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ദീര്‍ഘനാള്‍ കേടുകൂടാതിരിക്കാന്‍ ഇത് സഹായിക്കും. ഓരോ അറയിലും രണ്ട് വീതം സഞ്ചികള്‍ വയ്ക്കാനാകും. ഇവ നിറഞ്ഞാല്‍ എളുപ്പത്തിലെടുത്ത് കളഞ്ഞ ശേഷം വീണ്ടും കൊളുത്തില്‍ തൂക്കിയിടാം. മൂന്ന് മാസം വരെയുള്ള അജൈവ മാലിന്യങ്ങള്‍ ഇതില്‍ ശേഖരിക്കാം. ഇങ്ങനെയുള്ള എട്ട് അറകളില്‍ എന്തെല്ലാം നിക്ഷേപിക്കാമെന്ന് ചിത്രം സഹിതം മെഷീന്റെ പുറത്ത് ഒട്ടിച്ചിട്ടു മുണ്ട്. പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക് കുപ്പി, പേപ്പറും പേപ്പര്‍ കവറുകളും, ലോഹങ്ങള്‍, ചെരുപ്പ്, തെര്‍മോക്കോള്‍, റെക്‌സിന്‍, ചില്ല്, ചില്ലുകുപ്പികള്‍, ഇലക്ട്രിക്-  ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍, മരുന്ന് സ്ട്രിപ്പുകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
15,000 രൂപയാണ് ഇതിന് ചെലവായത്. മാലിന്യങ്ങള്‍ ഇത്തരത്തില്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിലൂടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും ഒഴിവാക്കാമെന്ന് ഇദ്ദേഹം പറയുന്നു. എട്ട് അറകളുള്ളതിന് പകരം രണ്ട് അറകളുള്ള എം.സി.എഫും സ്ഥാപിക്കാം.
വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം മൈക്രോ എം സി എഫ് സ്ഥാപിക്കാനാവും. കേരളത്തില്‍ നൂറുകണക്കിന് വീടുകളാണ് ഹരിത ഭവനമായിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വീടുകള്‍ ഹരിത ഭവനമാക്കുവാനാണ് ഹരിത കേരളം പദ്ധതിയിലൂെടെ അധികൃതര്‍ ലക്ഷ്യമിടുന്നതത്രേ. ഇത്തരത്തില്‍ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കൊരു വഴികാട്ടിയായി മാറുകയാണ് ബാബു പറമ്പത്തെന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍.

 

Latest News