പരിസര മലിനീകരണം വഴി നാടും നഗരവും എന്നപോലെ കടലും കാടും മലിനമായിപ്പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഭൂമി മനുഷ്യർക്ക് എന്നപോലെ മറ്റു ജന്തുജാലങ്ങൾക്കും കൂടിയുള്ളതാന്നെന്ന തിരിച്ചറിവ് മനുഷ്യനുവേണം. ഉൾക്കാടുകളെ കേന്ദ്രീകരിച്ചു പിടിമുറുക്കുന്ന വനം മാഫിയ, ടൂറിസം കോർപ്പറേറ്റുകൾ എന്നിവരുടെ പ്രവർത്തങ്ങൾ നിരീക്ഷിക്കാൻ സംവിധാനവും അവരെ നിയന്ത്രിക്കുവാൻ ശക്തമായ നിയമനിർമാണവും ആവശ്യമാണ്.
ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ഓർമപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം കടന്നുവന്നിരിക്കയാണ്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പ്രകൃതിയുടെ ശക്തമായ ക്ഷോഭങ്ങൾകൊണ്ടും പ്രതികരണങ്ങൾകൊണ്ടും നിമിത്തം മരിച്ചുവീഴുന്ന അനേകം മനുഷ്യജീവനുകൾ നമുക്ക് ദൃഷ്ടാന്തമാകേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഇക്കാലത്തെ പരിസ്ഥിതിദിനം പ്രസക്തമാകുന്നതും.
ജീവജാലങ്ങളും അജീവിയ ഘടകങ്ങളും ചേർന്നൊരുമിച്ചതാണ് പരിസ്ഥിതി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചുരുക്കം ചില ആക്ടിവിസ്റ്റുകളുടെയും സയൻസ് ബുദ്ധിജീവികളുടെയും മാത്രം വിഷയമല്ല. ഉപഭോക്തൃസംസ്കാരത്തിന്റെ വക്താക്കളാവുന്ന പുതിയ തലമുറക്ക് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനൽകുവാൻ വേണ്ട ഇടപെടലുകൾ സമൂഹത്തിൽ ഉടലെടുക്കേണ്ടതുണ്ട്.
പരിസ്ഥിതി ദിനം മറ്റേതെങ്കിലും ദിനാചരണത്തെപോലെ ഒരു ചടങ്ങിനെന്നപോലെ ആചരിച്ചുപോകേണ്ട ഒന്നല്ല. ഇത് മാനവരാശിയുടെ നിലനിൽപിനുവേണ്ടിയുള്ള സുദിനമാണ്. ഒരു മരത്തൈ നടുന്നതിലു തീരുന്നതല്ല നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം. ഈവർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം 'ഋരീ്യെേെലാ ഞലേെീൃമശേീി' എന്നതാണ്. അതായത് തനത് പരിസ്ഥിതിയെ പുനഃസ്ഥാപിക്കുവാൻ ലോകജനതയെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.
ആഗോളതാപനം അതിരൂക്ഷതയിലേക്ക് കുതിക്കുകയാണ്. ആർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുരുക്കം അധികരിച്ചിരിക്കുന്നു. അതായത് തൊണ്ണൂറുകളിലേക്കാൾ 57 ശതമാനം വേഗത്തിലാണ് ഭൂമിയിലെ മഞ്ഞുകൾ ഉരുകിത്തീരുന്നത്. ആഗോളതാപനത്തിന്റെ വളർച്ചയുടെ ശക്തിയാണ് ഇത് സൂചിപ്പിക്കുന്നത്. 2030 നു മുമ്പ് ഈ ഗുരുതരാവസ്ഥയുടെ കാഠിന്യത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ഭൂമിയുടെ പലഭാഗങ്ങളും സമുദ്രത്തിൽ മുങ്ങിപ്പോകുമെന്നാണ് പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവെച്ചാൽപോലും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിലെ താപനിലയിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ആഗോളതാപനം തന്നെയാണ് കാരണം.
ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം എന്നത് ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് കാലം എത്രയോതവണ നമ്മെ ഓർമിപ്പിച്ചതാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ പച്ചപ്പുകൾ തിരിച്ചുകൊണ്ടുവരിക എന്നതുതന്നെയാണ് പ്രധാന ദൗത്യം. കയ്യിൽ ഒരു തൈ ഉണ്ടായിരിക്കെ അന്ത്യനാൾ ആസന്നമായാൽ ആ തൈ നടാൻ മറക്കരുത് എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ കാഴ്ചപ്പാട് പ്രസക്തമാണിവിടെ. കമ്പോള സംസ്കാരത്തിന്റെ ഭാഗമായ കൃത്രിമ ഉദ്യാനങ്ങൾക്ക് പകരം തനതായ ശൈലിയിലേക്ക് കടന്നുവരണം. പ്രകൃതി മനുഷ്യന് അനുഗുണമായരീതിയിൽ നിലനിൽക്കണമെങ്കിൽ മഴയുണ്ടാവണം, മഴ നിലനിൽക്കണമെങ്കിൽ മരംവേണം. രണ്ടും പരസ്പര പൂരകങ്ങളാണ്. ഇവ രണ്ടിനോടുമുള്ള നമ്മുടെ സമീപനം പുനർചിന്തക്കു വഴിയൊരുക്കേണ്ടതാണ്. നമ്മുടെ ഇറയത്തുവീഴുന്ന മഴവെള്ളം അങ്ങ് അറബിക്കടലിലെത്തുന്നു. മഴക്കുഴികൾ വെറും സാങ്കേതിക നൂലാമാലകൾ മറികടക്കാനുള്ള വ്യവസ്ഥയായി മാത്രം മാറി. മഴവെള്ളം സംഭരണം ഒരു ശീലമാക്കുകയും തങ്ങളുടെ വാസസ്ഥലത്തു പെയ്തുവീഴുന്ന മഴത്തുള്ളികളെ അവിടെത്തന്നെ താഴ്ന്നിറങ്ങാൻ അവസരമൊരുക്കുകയും ചെയ്താൽ ഒരുപരിധിവരെ ശുദ്ധജലക്ഷാമം ഒഴിവാക്കാൻ സാധിക്കും. അങ്ങിനെ ജലസംരക്ഷണം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഭാഗമായി മാറുന്നു.
അംബരചുംബികളായ കെട്ടിടങ്ങൾക്കൊണ്ടു സായൂജ്യമടയുന്ന മനുഷ്യന്റെ തൃഷ്ണ അപകടത്തിന്റേതാണ്. നമ്മൾ സംരക്ഷിക്കേണ്ട നമ്മുടെ കുന്നുകൾ ഇടിച്ചുനിരത്തി തറയുണ്ടാക്കി, ഭൂമിയുടെ ആണിക്കല്ലുകളായ പാറകൾ അശാസ്ത്രീയരീതിയിൽ വെടിവെച്ചു തകർക്കുകയും, നമ്മുടെ ഭൂമിയുടെ പള്ളയെ കീറിമുറിച്ചു വെട്ടിപ്പൊളിച്ചു കല്ലുകളെടുത്തും നിർമിക്കപ്പെടുന്ന ഈ മണിസൗധങ്ങൾ മാനരാശിയുടെ നാശത്തിന്റെ ലക്ഷണങ്ങളായി മാറുകയാണ്. ഉപജീവനത്തിനും മനുഷ്യസംരക്ഷണത്തിനും ഉതകുന്ന വിഭവങ്ങൾ ഈ ഭൂമിയിലുണ്ട് എന്നിരിക്കെ എല്ലാം അത്യാർത്തിയോടെ വെട്ടിപ്പിടിക്കുന്ന തിരക്കിലാണ് മനുഷ്യൻ. കോൺക്രീറ്റ് കോട്ടകൾ പുതിയ തലമുറയുടെ ബാധ്യതയായി മാറുകയാണ്.
മഴക്കാലത്ത് വെള്ളപ്പൊക്കവും മഴകഴിഞ്ഞാൽ ജലക്ഷാമവും അനുഭവപ്പെടുന്ന കാലമാണിത്. മഴക്കാലം പ്രളയകാലമായി മാറുന്നു. മണൽ വാരൽകൊണ്ടും മറ്റും തകർന്നടിഞ്ഞ അവസ്ഥയാണ് നമ്മുടെ പുഴകൾക്ക്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന നമ്മുടെ പുഴകൾ വറ്റിവരളുവാൻ മഴനിന്നാൽ മണിക്കൂറുകൾ മാത്രം മതി എന്നതാണ് അവസ്ഥ. മണലില്ലാത്ത വറ്റിവരണ്ട പുഴകൾ ഹൃദയഭേദകമായ രംഗങ്ങളാണ്. മാലിന്യങ്ങൾ നിറയപ്പെട്ട തോടുകൾ നാമാവിശേഷമായ ആറുകളും. ഇവയുടെയൊക്കെ സംസ്ഥാപനമാണ് ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നത്.
പ്ലാസ്റ്റിക് മലിനീകരണങ്ങളുടെ പ്രത്യാഘാതത്തെകുറിച്ച് എത്രയോ തവണ ഓർമപ്പെടുത്തിയാലും ഉണരാത്തവനായി മനുഷ്യൻ മാറിയിരിക്കുന്നു. പ്രകൃതിയുടെ ജൈവരാസ പ്രക്രിയക്ക് വിധേയമാകുന്നില്ല എന്നതുതന്നെയാണ് ഇതിന്റെ അപകടം. പോളിമറൈസേഷൻ എന്ന പ്രക്രിയവഴി കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന രാസശൃംഖലകളാണ് പ്ലാസ്റ്റിക്കിലെ പ്രധാന ഘടകം. കരയും കടലും നശിച്ചുപോകുമാറ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചിരിക്കുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ മനുഷ്യനും മൃഗങ്ങൾക്കും ചെടികൾക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണിൽ 4000 മുതൽ 5000 വർഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കിൽ നിന്നും ചില വിഷാംശങ്ങൾ ജലത്തിലും കലർന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങൾ ഉണ്ടാകുവാൻ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ ഇത്തരത്തിൽ നമുക്ക് രോഗങ്ങൾ ഉണ്ടാവാൻ കാരണമാവുന്നു.
എട്ട് മില്ല്യൺ മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും സമുദ്രങ്ങളിലേക്കൊഴുകിയെത്തുന്നതെന്ന് അടുത്തിടെ 'സയൻസിൽ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. നമ്മുടെ വന്യ ജീവികൾക്കും കടൽ ജീവികൾക്കും ഭീഷണിയാകുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇവ. കടൽ കരയെ വിഴുങ്ങുന്ന കാലത്ത് ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണിത്. ഈ വെല്ലുവിളിയെ നേരിടാൻ ലോകരാജ്യങ്ങൾ വലിയപദ്ധതികളുണ്ടാക്കുകയും തങ്ങളുൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അളവുകുറക്കുകയും ചെയ്യണം. വ്യക്തിജീവിതത്തിൽ പൂർണമായും പ്ലാസ്റ്റിക് ഉപേക്ഷിക്കുക എന്നതാണ് ഇക്കാര്യത്തിൽ നമുക്ക് ചെയ്യാനാകുന്ന ഉത്തരവാദിത്തം.
ആവാസ വ്യവസ്ഥയുടെ അവിഭാജ്യങ്ങളായ വനങ്ങളും കാടുകളും സംരക്ഷിക്കപ്പെടണം എന്നപോലെ അവിടെ വസിക്കുന്ന മറ്റു ജീവജാലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. പരിസര മലിനീകരണം വഴി നാടും നഗരവും എന്നപോലെ കടലും കാടും മലിനമായിപ്പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഭൂമി മനുഷ്യർക്ക് എന്നപോലെ മറ്റു ജന്തുജാലങ്ങൾക്കും കൂടിയുള്ളതാണെന്ന തിരിച്ചറിവ് മനുഷ്യനുവേണം. ഉൾക്കാടുകളെ കേന്ദ്രീകരിച്ചു പിടിമുറുക്കുന്ന വനംമാഫിയ, ടൂറിസം കോർപ്പറേറ്റുകൾ എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംവിധാനവും അവരെ നിയന്ത്രിക്കുവാൻ ശക്തമായ നിയമനിർമാണവും ആവശ്യമാണ്.
മഹാവ്യാധി കാലത്തെ രണ്ടാം പരിസ്ഥിതി ദിനമാണിത്. മനുഷ്യമരണങ്ങൾ സംഭവിച്ചെങ്കിലും മനുഷ്യജീവിതം പ്രയാസപൂർണമായെങ്കിലും പരിസ്ഥിതിനാശങ്ങൾ താരതമ്യേനെ കുറവായിരുന്നു എന്നത് ഈ കാലത്തെ സവിശേഷതയാണ്. കിളിയൊച്ചകൾ തിരികെയെത്തി, അരുവികളും ആകാശവും തെളിഞ്ഞു, പൂക്കൾ പുഞ്ചിരിച്ചു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയുകയും മറ്റു മലിനീകരണങ്ങളുടെ തോതുകുറയുകയും ചെയ്ത ഈ ലോക്ഡോൺ കാലം നമ്മുടെ സാധാരണ കാലത്തെ ജീവിതശൈലി മാറ്റേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. പ്രകൃതിക്കും സഹജീവികൾക്കും അനുഗുണവും സഹായകരമായ രീതിയിലാണ് മനുഷ്യൻ ഭൂമിയിൽ പെരുമാറേണ്ടത് എന്ന് സാരം.
പുതിയ ലോകക്രമത്തിനുള്ളിൽ വ്യക്തികൾക്ക് പെരുമാറ്റച്ചട്ടങ്ങളും ഭരണകൂടങ്ങൾക്ക് കണിശമായ നിർദേശങ്ങളും നൽകാൻ ഐക്യരാഷ്ട്രസഭ മുന്നോട്ടുവരണം. മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യം കൊടുക്കുന്ന ഭരണകൂടങ്ങളായി നമ്മുടെ ഗവണ്മെന്റുകളും മാറണം. യൂറോപ്പിലെന്നപോലെ എല്ലായിടത്തും പരിസ്ഥിതി രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടണം. പരിസ്ഥിതിയുടെ സംരക്ഷണത്തിനുവേണ്ടി കൂടുതൽ ഫണ്ടുകൾ ബജറ്റുകളിൽ ഉൾക്കൊള്ളിക്കണം. പരിസ്ഥിതിനിയമങ്ങൾ കാറ്റിൽ പറത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. വളർന്നുവരുന്ന തലമുറക്ക് ആദ്യബാലപാഠം ഇതേപ്പറ്റിയായിരിക്കണം. അനേകായിരം ജനിച്ചുവീഴേണ്ട മണ്ണാണ് ഇതെന്ന ബോധം എല്ലാവർക്കുമുണ്ടാകണം.
മാനവരാശിയുടെ നിലനിൽപിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കമാകട്ടെ ഈ പരിസ്ഥിതിദിനമെന്ന് പ്രത്യാശിക്കുന്നു.