കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ സംഘടനാ അഴിച്ചുപണി നടന്നു. പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോക്‌സഭാ എംപി കൂടിയാണ് അഭിഷേക്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടിയ ശേഷം ചേര്‍ന്ന പാര്‍ട്ടിയുടെ ആദ്യ പ്രവര്‍ത്തക സമിതി യോഗത്തിലാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഒരാള്‍ ഒരു പദവി എന്ന നയം നടപ്പിലാക്കാനാണ് തീരുമാനം. പാര്‍ട്ടിയെ ബംഗാളിനു പുറത്ത് വളര്‍ത്താനും തീരുമാനിച്ചതായി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
നിലവില്‍ തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷനായിരുന്നു അഭിഷേക്. ദേശീയ പദവി ഏറ്റെടുത്തതോടെ യുവജന വിഭാഗത്തെ ഇനി മുന്‍ നടന്‍ സായുനി ഘോഷ് നയിക്കും. തൃണമൂല്‍ മഹിളാ മോര്‍ച്ചാ നേതാവി കകോലി ഘോഷ് ദസ്തിദാര്‍ എം.പിയെ നിയമിച്ചു. ഇന്ത്യന്‍ നാഷണല്‍ തൃണമൂല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി ദോല സെന്‍ എംപിയേയും നിയമിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് പുര്‍ണേന്ദു ബോസ് കര്‍ഷക വിഭാഗം പ്രസിഡന്റാകും. എംഎല്‍എയും സംവിധായകനുമായ രാജ് ചക്രബര്‍ത്തി പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗത്തെ നയിക്കും.