ഇസ്‌ലാമാബാദ്-സമൂഹ മാധ്യമങ്ങളില്‍ ചില വിഡിയോകളും ചിത്രങ്ങളും വൈറലാവും. എന്തെങ്കിലും അസ്വാഭാവികമായത്, ആരെങ്കിലും സ്വന്തം കഴിവ് പ്രദര്‍ശിപ്പിക്കുന്നത്, ചിലരുടെ അമളികള്‍, അബദ്ധങ്ങള്‍, പൊരിഞ്ഞ അടി എന്നിവയ്‌ക്കൊക്കെ സാധാരണഗതിയില്‍ വൈറലാവും. എന്നാല്‍ ചില വിഡിയോകള്‍ വൈറലാവുന്നത് എന്തുകൊണ്ട് എന്ന് ചിലപ്പോള്‍ കണ്ടുകഴിഞ്ഞാല്‍ അത്ഭുതം തോന്നും. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. 2 മില്യണിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
തുറസ്സായ ഒരു സ്ഥലത്ത് ചപ്പാത്തി തയ്യാറാക്കുന്ന ഒരു പെണ്‍കുട്ടിയാണ് വിഡിയോയില്‍. വളരെ അനായാസേന ചപ്പാത്തി പരത്തുന്ന പെണ്‍കുട്ടി ഇടയ്ക്ക് തന്റെ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കി പുഞ്ചിരിക്കുന്നുണ്ട്. ഈ പുഞ്ചിരിയാണ് ഏകദേശം 10 സെക്കന്റ് മാത്രമുള്ള വീഡിയോയുടെ ഹൈലൈറ്റ്. നിഷ്‌കളങ്കമായി പുഞ്ചിരിക്കുമ്പോഴും താന്‍ ചെയ്യുന്ന ജോലിയില്‍ തുടരുകയാണ് പെണ്‍കുട്ടി. പ്രിയ പ്രകാശ് വാരിയരുടെ പ്രശസ്തമായ കണ്ണിറുക്കല്‍ പോലെ ഈ വീഡിയോയിലെ പെണ്‍കുട്ടിയുടെ ചിരി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. അവിടെ ഈ വീഡിയോ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ജാസ്മിന്‍ സൈനി എന്ന ഇന്‍സ്റ്റാഗ്രാം ഉപഭോക്താവ് വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. നിരവധി പേരാണ് പെണ്‍കുട്ടിയുടെ സൗന്ദര്യത്തെയും, ചിരിയെയും പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് പ്രതികരണങ്ങള്‍ അറിയിക്കുന്നത്.
ഇതിന് മുന്‍പ് ഇത്തരത്തില്‍ വൈറലായ കക്ഷിയാണ് അര്‍ഷാദ് ഖാന്‍. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ ജിയ അലിയാണ് അര്‍ഷദിന്റെ ജീവിതം മാറ്റിമറിച്ച ചിത്രമെടുത്തത്. നീലക്കണ്ണുകളും ഭംഗിയുള്ള പുഞ്ചിരിയുമുള്ള അര്‍ഷാദ് ഖാന്റെ ചായയുണ്ടാക്കുന്ന ചിത്രം കാട്ടുതീപോലെയാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. ഞൊടിയിടയില്‍ അര്‍ഷദിന് മോഡലിംഗ് ലോകത്ത് ജോലി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമാബാദില്‍ കഫെ ചായ വാല റൂഫ് ടോപ്പ് എന്ന പേരില്‍ സ്വന്തമായി ഒരു കഫേ ആരംഭിച്ചു കക്ഷി. ജീവിതം മെച്ചപ്പെടുത്തുന്നതിനായി അപ്രതീക്ഷിതമായി ലഭിച്ച ജനപ്രീതി സമര്‍ത്ഥമായി ഉപയോഗിച്ചവരിലെ ഏറ്റവും പുതിയ കണ്ണിയാണ് അര്‍ഷാദ് ഖാന്‍. പ്രീമിയം കഫേ തുടങ്ങിയ അര്‍ഷാദ് ഖാന്‍ ഇപ്പോഴും കാമറ കണ്ണുകള്‍ക്ക് മുന്‍പിലെ താരമാണ്.