മഥുര- അനധികൃത പശുക്കടത്ത് ആരോപിച്ച് 55കാരനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞ് വെടിവച്ചു കൊന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന ആറു പേര്‍ക്ക് പരുക്കേറ്റു. യുപിയിലെ മഥുര ജില്ലയിലെ തുമോലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ സംഘം ബുലന്ദ്ശഹറില്‍ നിന്നുള്ള പശുക്കടത്തുകാരാണെന്ന് പോലീസ് ആരോപിക്കുന്നു. ഇവരുടെ വാഹനും അതിലുണ്ടായിരുന്ന ആറു കന്നുകാലികളേയും പോലീസ് പിടിച്ചെടുത്തു. ബുലന്ദ്ശഹര്‍ സ്വദേശിയായ ശേര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്. കാലികളെ കൊണ്ടു പോകുന്നത് കണ്ടത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. നാട്ടുകാരില്‍ നിന്നും വിവരം ലഭിച്ച ഗോരക്ഷാ ഗുണ്ടകള്‍ റോഡില്‍ വാഹനം തടഞ്ഞാണ് ശേര്‍ ഖാനേയും കൂടെ ഉണ്ടായിരുന്ന ആറു പേരേയും മര്‍ദിച്ചത്.
വാഹനത്തിലുണ്ടായിരുന്നവര്‍ റോഡില്‍ തടഞ്ഞവര്‍ക്കു നേരെ വെടിവച്ചപ്പോള്‍ ആള്‍ക്കൂട്ടം വടികളും കല്ലും ഉപയോഗിച്ച് തിരിച്ചാക്രമിച്ചു എന്നാണ് പോലീ്‌സ് പറയുന്നത്. ആള്‍ക്കൂട്ട ആക്രമണം നടന്ന ശേഷമാണ് പോലീസ് സ്ഥലത്തെത്തുന്നത്. മര്‍ദനത്തിനിരയായ സംഘത്തില്‍ നിന്ന് പോലീസ് ആയുധമൊന്നും കണ്ടെടുത്തിട്ടില്ല. വാഹനത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ ലഭിച്ചുവെന്ന് പോലീസ് പറയുന്നു.
വയറ്റില്‍ വെടിയേറ്റാണ് ശേര്‍ ഖാന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശേര്‍ ഖാന്റെ മകന്‍ ആക്രമികള്‍ക്കെതിരെ കൊലക്കുറ്റം ആരോപിച്ച് പരാതി നല്‍കി. ഇതിനു മറുപടിയായി നാട്ടുകാരനായ ചന്ദ്ര ശേഖര്‍ ബാബ് എന്നയാള്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ സംഘത്തിനെതിരെയും കൊലക്കുറ്റം, ഗോവധം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മറ്റൊരു പരാതിയും പാലീസില്‍ നല്‍കി. ഈ രണ്ട് കേസിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മര്‍ദനമേറ്റ സംഘത്തില്‍ എട്ടു പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ ആക്രമത്തിനിടെ ഓടി രക്ഷപ്പെട്ടു. യുപിയിലെ അലിഗഡില്‍ നിന്നും ഹരിയാനയിലെ മെവാത്തിലേക്ക് കന്നുകാലികളെ കൊണ്ടു പോകുകയായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു.