50 ശതമാനം വാക്‌സിനും വാങ്ങിക്കൂട്ടിയത് 9 ആശുപത്രികള്‍; കടുത്ത അസമത്വം

ന്യൂദല്‍ഹി- രാജ്യത്ത് സ്വകാര്യ മേഖലയില്‍ വിതരണം ചെയ്യാനുള്ള കോവിഡ് വാക്‌സിന്‍ 50 ശതമാനവും വാങ്ങിക്കൂട്ടിയത് വെറും ഒമ്പത് കോര്‍പറേറ്റ് ആശുപത്രികള്‍. മേയ് മാസത്തെ സ്റ്റോക്കിലാണ് ഈ കടുത്ത അസമത്വം. ഈ ഒമ്പത് ആശുപത്രികള്‍ ചേര്‍ന്ന് 60.57 ലക്ഷം ഡോസ് വാക്‌സിനാണ് വാങ്ങിക്കൂട്ടിയത്. രാജ്യത്ത് സ്വകാര്യ മേഖലയ്ക്കായി മേയ് മാസം നീക്കിവച്ചിരുന്നത് ആകെ 1.20 കോടി ഡോസുകളാണ്. കേന്ദ്രം വാക്‌സിന്‍ നയം മാറ്റി വിപണി തുറന്നു നല്‍കിയതിനു ശേഷമാണ് കോര്‍പറേറ്റുകള്‍ക്ക് ഇങ്ങനെ വാക്‌സിന്‍ വാങ്ങിക്കൂട്ടാന്‍ അവസരമൊരുങ്ങിയത്. സ്വകാര്യ മേഖലയ്ക്കുള്ള ബാക്കി 50 ശതമാനം വാക്‌സിന്‍ 300ഓളം ആശുപത്രികളാണ് വാങ്ങിയത്. ഈ ആശുപത്രികളെല്ലാം നഗരകേന്ദ്രീകൃത ആശുപത്രികളാണ്. ഏറേയും രണ്ടാം നിര പട്ടണങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. ഇതിനപ്പുറത്തേക്കുള്ള പട്ടണങ്ങളില്‍ തുലോം കുറവാണ്. 

അപ്പോളോ ഹോസ്പിറ്റല്‍സ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, എച്ച് എന്‍ റിലയന്‍സ്, മെഡിക്ക ഹോസ്പിറ്റല്‍സ്, ഫോര്‍ടിസ് ഹോസ്പിറ്റല്‍സ്, ഗോദ്‌റെജ് ഹോസ്പിറ്റല്‍സ്, മനിപ്പാല്‍ ഹെല്‍ത്ത്, ടെക്‌നോ ഇന്ത്യ, നാരായണ ഹൃദായല എന്നീ ആശുപത്രികളാണ് സ്വകാര്യ മേഖലയ്ക്കുള്ള വാക്‌സിന്‍ 50 ശതമാനവും വാങ്ങിക്കൂട്ടിയത്. ഈ ആശുപത്രി ശ്യംഖലകളെല്ലാം പ്രവര്‍ത്തിക്കുന്നത് മെട്രോ നഗരങ്ങളിലും വന്‍പട്ടണങ്ങളിലും മാത്രമാണ്. കോവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് ഇവര്‍ ഈടാക്കുന്നത് 800 രൂപ മുതല്‍ 1000 രൂപ വരെയാണ്. കോവാക്‌സിന്‍ 1250 രൂപയും. ഇത് പാവപ്പെട്ടവര്‍ക്കും വരുമാനം കുറഞ്ഞ മധ്യവര്‍ഗ കുടുംബത്തിനും താങ്ങാവുന്ന ചെലവല്ല. 

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് മേയ് ഒന്നു മുതലാണ്.

Latest News