Sorry, you need to enable JavaScript to visit this website.

 ബുദ്ധി ജീവി നാട്യമില്ലാതെ ധനമന്ത്രി ബാലഗോപാൽ 

'തനിക്കിതൊക്കെ തിരിയും' എന്ന ഭാവ ഹാവത്തിന്റെ പേരായിരിക്കാം ബുദ്ധി ജീവി നാട്യം. അതൊന്നുമില്ലാത്ത തനി കലഞ്ഞൂർ (പത്തനാപുരത്തെ കലഞ്ഞൂരാണ് ബാലഗോപാലിന്റെ സ്വദേശം) കാരനാണ്  താനെന്ന് രണ്ടാം പിണറായി മന്ത്രിസഭയിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ കന്നി ബജറ്റ് പ്രസംഗത്തിൽ തെളിയിച്ചിരിക്കുന്നു. പറഞ്ഞുവന്നാൽ കേരളത്തിലെ പത്ര സമൂഹവുമായും ബാലഗോപാലിന് കുടുംബബന്ധമുണ്ട്. ദീർഘവർഷം മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫും പിന്നീട് പത്രാധിപരുമായ കെ. പ്രഭാകരന്റെ മകൾ കോളേജധ്യാപികയായ ആശ പ്രഭാകരനാണ് ജീവിത പങ്കാളി. അടുത്ത കാലത്ത് നടന്ന ബജറ്റ് പ്രസംഗങ്ങളിൽവെച്ച് ഏറ്റവും ചെറുത് എന്ന് പറഞ്ഞാൽ ശരിയാകില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനത്തേതും, കെ.എം. മാണിയുടെ ജീവിതത്തിലെ തന്നെ അവസാനത്തേതുമായ ബജറ്റവതരണ സമയത്തെ രംഗങ്ങൾ ലോകത്തിന് മുന്നിലുള്ളതിനാൽ ജനം അത് തിരുത്തും. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ബജറ്റവതരിപ്പിച്ച് നിയമസഭയിൽനിന്ന് രക്ഷപ്പെട്ട നിർഭാഗ്യവാൻ കെ.എം. മാണിയായിരുന്നു. അങ്ങിനെയൊരവസ്ഥ ഇനിയാർക്കെങ്കിലുമുണ്ടാകുമോ എന്നറിയില്ല. മൂന്ന് മണിക്കൂർ പതിനെട്ട് മിനിറ്റ് പ്രസംഗിച്ച് കെ.എം. മാണിയുടെ മുൻ പ്രസംഗ സമയം പിന്നിലാക്കിയയാളായിരുന്നു ബാലഗോപാലിന്റെ   മുൻഗാമി  ഡോ. തോമസ് ഐസക്. ബാല ഗോപാലിന്റെ പ്രസംഗം ഒരു മണിക്കൂറിൽ തീർന്നു. പേജെണ്ണം നോക്കിയാൽ 67 മാത്രം.

വേഗത്തിൽ വായിച്ചു തീർക്കാനും മന്ത്രി തിടുക്കം കാണിക്കുന്നുണ്ടായിരുന്നു. എത്ര തവണ വെള്ളം കുടിച്ചു എന്ന പഴകി തേഞ്ഞ പ്രയോഗവും വേണ്ടി വരുന്നില്ല. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നയാളാണ് ബാലഗോപാൽ. എന്തുകൊണ്ടും വി.എസിന് മനം ചേർന്ന് നിൽക്കുമെന്ന് കരുതിയ കൊല്ലത്തെ സി.പി.എമ്മിനെ പിണറായി വിജയന്റെ വരുതിയിലെത്തിച്ചു കൊടുക്കാൻ ബാല ഗോപാലിന് സാധിച്ചു. പി. രാജീവാകും ധനമന്ത്രിയെന്ന വാർത്തകൾക്കിടയിലേക്കാണ് നാട്യങ്ങളില്ലാത്ത നാട്ടിൻപുറക്കാരനെ ധനമന്ത്രിയായി മുഖ്യ മന്ത്രി പിണറായി അവതരിപ്പിച്ചത്. ഉറപ്പാണ് രാജീവ് എന്നതായിരുന്നു ഉപശാല വിവരം. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് ഉദ്ധരിക്കാൻ പോകുന്ന കവിത മന്ത്രി ജി. സുധാകരന്റെതായിരിക്കുമെന്ന് അന്ന് ഉപശാലകളിൽ തമാശയുണ്ടയായിരുന്നു.

ഇന്നിപ്പോൾ കവിത മാത്രമല്ല രണ്ടു പേരും നിയമ സഭയിലുമില്ല. തോമസ് ഐസക് അന്ന് കേരളത്തിലാകെയുള്ള കുഞ്ഞുകവികളെയൊക്കെ ചേർത്ത് നിർത്തി ശരിക്കും കവിതാ ആഘോഷം തന്നെ നടത്തിയിരുന്നു. എല്ലാ ജില്ലകളിലെയും സ്‌കൂൾ കുട്ടികളായ കവികളുടെ അഭിമുഖമെടുക്കുന്ന പണിയായിരുന്നു അന്ന് മാധ്യമങ്ങൾക്ക്. കാരണം എല്ലാജില്ലകളിലെയും കുഞ്ഞുകവികൾ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നു. കോവിഡ് ഒന്നടങ്ങിയെന്ന് കരുതിയ ആ സമയം (കഴിഞ്ഞ ജനുവരി) പോലയല്ല ഇന്ന്. കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയയുണ്ടാക്കി ആവേശം പരത്താൻ ഇനി അടുത്ത നാളുകളിലൊന്നും തെരഞ്ഞെടുപ്പുമില്ല. അപ്പോൾ പിന്നെ ബാലഗോപാലിന്റെ നാടൻ മട്ട് തന്നെ ധാരാളം. മുരുകൻ കാട്ടാക്കടക്ക് കവിത ചൊല്ലാനൊക്കെ ഇനിയുമെത്ര കാലം കിടക്കുന്നു.


'എല്ലാത്തിനും മുൻപേ ആരോഗ്യം' അഥവാ 'ഒന്നാമത് ആരോഗ്യം' എന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. ചുരുക്കിപറഞ്ഞാൽ ആരോഗ്യരക്ഷയ്ക്കുള്ള തന്ത്രം തന്നെയാണ് ഈബജറ്റിൽ നമ്മുടെ വികസന തന്ത്രമായിമാറുന്നത്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ നയം- ഈ വാക്കുകളാണ് ബാല ഗോപാലിന്റ കവിതയും നിലപാടും. മൂന്ന് വ്യക്തികൾക്ക് സ്മാരകം പണിയാൻ ഫണ്ടനുവദിച്ചതിലും പിണറായി ബുദ്ധി നിറഞ്ഞു കാണാം. വി.എസ്. ആറ്റ് നോറ്റ് പോരാടി ജയിലിലെത്തിച്ചയാളാണ് അതിലൊരാൾ. ആർ. ബാലകൃഷ്ണപിള്ള. കൊല്ലത്തെയും കേരളത്തിലെയും ആഢ്യ സമൂഹത്തിന്റെ പ്രതിനിധി. ബാലഗോപാലിനെ നിയമ സഭയിലെത്തിച്ചത് ബാലകൃഷ്ണപിള്ളയുടെയും പ്രിയപ്പെട്ട കൊട്ടാരക്കരയാണ്. അങ്ങിനെയൊരാളെ ചവിട്ടിതേക്കാൻ നോക്കിയവരോട് പ്രതികാരം ചെയ്യുമ്പോൾ കിട്ടുന്ന പിന്തുണയൊക്കെയാണ് കൈവന്ന ഭരണത്തിന്റെ പിൻശക്തിയെന്ന് ബാലഗോപാലിനെ ആരും പഠിപ്പിക്കേണ്ടതില്ല. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങിനെ -
കേരള രാഷ്ട്രീയത്തിലെ ഉജ്വല വ്യക്തിത്വമായിരുന്ന കെ.ആർ.ഗൗരിയമ്മക്ക് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു. ആറുപതിറ്റാണ്ടിലേറെക്കാലം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്ന ആർ. ബാലകൃഷ്ണപിള്ളക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു.
വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സർവകലാശാലയിൽ 'മാർ ക്രിസോസ്റ്റം ചെയർ' സ്ഥാപിക്കാൻ 50 ലക്ഷം രൂപ വകയിരുത്തുന്നു.


സോഷ്യൽ എൻജിനീയറിംഗിലെ ഉന്നത പഠന സർവകലാശാലയാണ് താനെന്ന് മുഖ്യമന്ത്രി പുതിയ ധനകാര്യമന്ത്രിയിലൂടെ വീണ്ടും തെളിയിക്കുകയാണ്. രാഷ്ട്രീയ അതി കൗശലം എന്നും ചരിത്രം വിധിയെഴുതിയേക്കാം. ഞാനില്ലെ... ഞാനില്ലെ... എന്ന് ജോസ് കെ. മാണി ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ വി.എസ് ഇരുന്ന ഭരണ പരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ പദവിയിലിപ്പോൾ കെ.എം. മാണിയുടെ മകൻ ഇരിക്കുമായിരുന്നു. പിണറായി വിജയന് ഇനിയും ജയിക്കാൻ യുദ്ധമുണ്ട്.
മലയാള സാഹിത്യ ലോകത്തെ എല്ലാ തലയെടുപ്പികളെയും പല മട്ടിൽ ഉദ്ധരിച്ച തോമസ് ഐസക്ക് ഒടുവിൽ 'ബർസ' എന്ന നോവലെഴുതിയ ഡോ. ഖദീജ മുംതാസിനെ വരെ ആവേശ പൂർവം ചേർത്തു നിർത്തിയിരുന്നു. മതന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട കുടുംബത്തിൽനിന്ന് വരുന്ന അവർ പിന്നീട് അക്കാദമി സാരഥ്യത്തിലൊക്കെ എത്തി. ആ കാലവും കടന്നു പോവുകയാകാം. ഇനി പുതിയ അടവുകളും തന്ത്രങ്ങളും. അതാണ് അടിസ്ഥാന പരമായി പ്രത്യയശാസ്ത്രം നയിക്കുന്ന ഭരണ കൂടങ്ങളുടെ രീതി. കൊറോണ പൂർവ കാലത്തൊരിക്കൽ നിർമ്മല സീതാരാമൻ ബജറ്റിൽ ഉദ്ധരിച്ചത് മൻസർഹഷ്മിയെയായിരുന്നു. ചിദംബരം കൃത്യമായും തിരുവള്ളൂവരുടെ വരികൾ ചൊല്ലി തമിഴ് പക്ഷം ചേർന്നതും ചരിത്രം. മൻ മോഹൻ സിങ് എല്ലാ കാര്യത്തിലുമെന്ന പോലെ അവിടെയും ഉയർന്നു തന്നെ ചിന്തിച്ചയാളായിരുന്നു-അദ്ദേഹം അല്ലാമാ ഇഖ്ബാലിനെയായിരുന്നു ഉദ്ധരിച്ചത്. 


 കുഞ്ഞു കവിതകൾ സൃഷ്ടിക്കുന്ന ഓളം എത്രയോ വലുതായിരിക്കുമെന്ന് പോയ ബജറ്റിന്റെ കാലത്ത് ഐസക് മന്ത്രിയും സർക്കാരും വിശ്വസിച്ചു. കിറ്റ് മാത്രമല്ല പുതു കവിതകളും അന്ന് ഹിറ്റായിരുന്നു. ഇടതു തുടർ ഭരണമുണ്ടാകുമെന്ന് ഡോ. തോമസ് ഐസക് ഭരണ ബെഞ്ചിന്റെ ആവേശാരവത്തിനിടക്ക് അന്ന് കട്ടായം പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെക്കൊണ്ട് തന്നെ ഐസക് നാല് മാസം മുമ്പ് ആ രാഷ്ട്രീയം ജനങ്ങളിലെത്തിച്ചു-
 'കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ'   
എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കനിഹയെക്കൊണ്ട് അന്ന് ഐസക് പ്രതിപക്ഷത്തെ വെല്ലുവിളിപ്പിച്ചത്. കനിഹ അന്ന് പറഞ്ഞത് യാഥാർഥ്യമാകുന്നത് കാണാൻ ഐസക് മന്ത്രി സ്ഥാനത്തില്ലെങ്കിലും പ്രവചനം ചരിത്രമായി അവശേഷിക്കുന്നു.
  
 

Latest News