Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പ്രതിഷേധം; പാക് സ്ഥാനപതിയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു

ഇസ്ലാമാബാദ്-  പാക്കിസ്ഥാനിലെ ജമാഅത്തുദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദുമായി വേദി പങ്കിട്ട സംഭവത്തില്‍ പാക്കിസ്ഥാനിലെ  അംബാസഡര്‍ വലീദ് അബു അലിയെ ഫലസ്തീന്‍ തിരിച്ചു വിളിച്ചു. ഇന്ത്യയുടെ അമര്‍ഷം കണക്കിലെടുത്താണ് നടപടി. സഈദുമായി അംബാസഡര്‍ വേദി പങ്കിട്ടതിനെതിരെ  ഫലസ്തീന്‍ അതോറിറ്റിയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫലസ്തീന്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അംബാസഡറെ കൂടി തിരിച്ചുവിളിച്ചത്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യമാണ് കല്‍പിക്കുന്നതെന്നും ഇന്ത്യക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാക്കില്ലെന്നും ഫലസ്തീന്‍ വ്യക്തമാക്കി.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫായെ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് ഹാഫിസ് സഈദിനോടൊപ്പം ഫലസ്തീന്‍ അംബാസഡര്‍ വലീദ് അബു അലി വേദി പങ്കിട്ടത്.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനോടൊപ്പം ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഫലസ്തിന്റെ പ്രതിനിധിയെ കാണേണ്ടി വന്നത് അമ്പരപ്പും നടുക്കവും ഉണ്ടാക്കിയെന്നാണ് ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാനിലെ 40 ഓളം സംഘടനകളുടെ കൂട്ടായ്മയാണ് ദിഫായെപാകിസ്ഥാന്‍. ഹാഫീസ് സഈദാണ് ഈ കൂട്ടായ്മയുടെ തലവന്‍.
ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമാക്കിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ ഫലസ്തീന് അനുകൂലമായാണ് ഇന്ത്യ യു.എന്‍ പൊതുസഭയില്‍ വോട്ട് ചെയ്തിരുന്നത്. ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ ഫലസ്തീന്‍ അംബാസഡര്‍ ഭീകരനുമൊത്ത് വേദി പങ്കിട്ടത് അസ്വീകാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 

Latest News